മായാനദി എന്ന പ്രണയനദി..

ഒരു നദിയുടെ ആഴങ്ങളിലേക്കിറങ്ങി മുങ്ങിക്കയറിയ ഒരനുഭൂതി.. അതാണ് ‘മായാനദി’ എന്ന ചിത്രം കാണുന്ന പ്രേക്ഷകന് നൽകുന്നത്‌.

ശ്യാം പുഷ്കരനും ദിലീഷ്‌ നായരും ചേർന്നെഴുതി ആഷിഖ്‌ അബു സംവിധാനം ചെയ്ത ‘മായാനദി’ പ്രണയമൊഴുകുന്ന ഒരു നദിയാണ്. മാത്തന്റെയും അപ്പുവിന്റെയും പ്രണയത്തിന്റെ നദി..

മാത്തൻ എന്ന കഥാപാത്രമായി ടോവിനോ തോമസും അപ്പു എന്ന അപർണയായി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ വേഷമിടുന്നു. മാത്തന്റെയും അപ്പുവിന്റെയും പ്രണയം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെങ്കിലും ഒരു ത്രില്ലർ എന്ന ലേബലിലേക്കും ചിത്രം മാറുന്നുണ്ട്‌. റിയലിസ്റ്റിക്‌ രീതിയിൽ ആണ് ചിത്രത്തിന്റെ സംഭാഷണങ്ങളും മേക്കിംഗും എന്നത്‌ മായാനദിയെ പ്രേക്ഷകന് കൂടുതൽ ആസ്വാദ്യകരമാക്കുന്നു..

ദൃശ്യങ്ങളിൽ പതിഞ്ഞ താളമാണ് ചിത്രത്തിനെങ്കിലും ആ ഒഴുക്കിനൊപ്പം നീങ്ങാൻ പ്രേക്ഷകനെയും പ്രേരിപ്പിക്കുന്നു എന്നത്‌ ആഷിഖ്‌ അബു എന്ന സംവിധായകന്റെയും റെക്സ്‌ വിജയൻ എന്ന സംഗീത സംവിധായകന്റെയും വിജയമാണ്. റെക്സ്‌ വിജയൻ ഒരുക്കിയ ഗാനങ്ങൾ എല്ലാം വളരെ മികച്ചതായിരുന്നു.. ജയേഷ്‌ മോഹന്റെ ഛായാഗ്രാഹണം ചിത്രത്തെ കൂടുതൽ മനോഹരമാക്കി.ടോവിനോ തോമസിന്റെയും ഐശ്വര്യയുടെയും പക്വതയാർന്ന അഭിനയവും ഇരുവരുടെയും കെമിസ്ട്രിയും വളരെ മികച്ചതായിരുന്നു. ലവ്‌-മേക്കിംഗ്‌ സീനും ചുംബന രംഗങ്ങളും എന്നും പേടിയോടെ കണ്ടിരുന്ന മലയാള സിനിമയുടെ ക്ലീഷേകളെല്ലാം പൊട്ടിച്ചെറിയുക കൂടി ആണ് മായാനദി എന്ന ചിത്രത്തിൽ.. ഒരുപക്ഷെ മലയാള സിനിമയിലെ ഏറ്റവും മികച്ച പ്രണയ രംഗങ്ങൾ ഈ സിനിമയിലാകും എന്ന് പറയാം..

LEAVE A REPLY