ബോക്സ് ഓഫീസിൽ ഗോൾ മഴ പെയ്യിച്ച് സുഡാനി..!!

നവാഗതനായ സകരിയ സംവിധാനം ചെയ്ത്‌ സൗബിൻ നായകനായി എത്തിയ സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. ഒരു ആഫ്രിക്കൻ കളിക്കാരൻ മലപ്പുറത്തെ ഒരു സെവൻസ്‌ ഫുട്ബോൾ ടീമിൽ കളിക്കാനെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്‌. രണ്ടുമ്മമ്മാരുടെ പ്രകടനം പ്രേക്ഷകരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

ഇതിനോടകം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ചിത്രത്തിന് ഒരുപാട്‌ ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ ബോക്സ്‌ ഓഫീസിലും ഗോൾ മഴ തീർത്ത്‌ മുന്നേറുകയാണ് സുഡാനി. 1.5 കോടിയിൽ താഴെ ബഡ്ജറ്റിൽ ചെയ്ത ചിത്രം ഇതുവരെ 25 കോടിയിലധികം ബിസിനസ്സ്‌ വേൾഡ്‌വൈഡ്‌ നടത്തിയിട്ടുണ്ട്‌.

കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും 1.15 കോടി രൂപ ചിത്രം ഇതുവരെ കളക്റ്റ്‌ ചെയ്തു. 2018ൽ 1 കോടിക്ക്‌ മുകളിൽ കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും കളക്റ്റ്‌ ചെയ്യുന്ന രണ്ടാമത്തെ ചിത്രവുമാണ് സുഡാനി. പ്രണവ്‌ മോഹൻലാലിന്റെ ആദിയായിരുന്നു ആദ്യ ചിത്രം. വരുന്ന വാരത്തോടെ ആദിയുടെ കൊച്ചിയിലെ കളക്ഷനും സുഡാനി മറികടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്‌. നിലവിൽ ദിവസേന 9 ഷോയാണ് ചിത്രം കൊച്ചി പ്ലക്സസിൽ കളിക്കുന്നത്‌.

കേരളത്തിന് പുറമെ ഗൾഫ്‌ നാടുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. UAE – GCC യിൽ നിന്നുമാത്രം ചിത്രം 5 കോടി ഗ്രോസ്‌ കളക്ഷൻ എന്ന നേട്ടം ഉടനെ കൈവരിക്കും. മമ്മൂക്കയുടെ ദി ഗ്രേറ്റ്‌ ഫാദറിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ചിത്രവും സുഡാനിയാകും.

കളക്ഷനും പ്രശംസയും ലഭിച്ചുകൊണ്ടിരിക്കുന്നതിനിടെ സുഡാനിയെ തേടി മറ്റൊരു സന്തോഷകരമായ വാർത്തയും വന്നിരിക്കുകയാണ്. മേയ്‌ 8 മുതൽ 19വരെ ഫ്രാൻസിൽ വെച്ച്‌ നടക്കുന്ന 71ആമത്‌ കാനസ്‌ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കും. മേയ്‌ 14ന് ആണ് സുഡാനി ഫ്രം നൈജീരിയ കാൻസിൽ പ്രദർശിപ്പിക്കുന്നത്‌.

ഇത്രയും കാലമായി വിരലിൽ എണ്ണാവുന്ന മലയാള ചിത്രങ്ങൾ മാത്രം പ്രദർശിപ്പിച്ചിട്ടുള്ള കാൻസ് വേദിയിൽ മലയാളത്തിന് അഭിമാനമായി കൊണ്ടാണ് ഒരു ചിത്രം വീണ്ടും പോകുന്നത്.

0 Shares

LEAVE A REPLY