ത്രില്ലടിപ്പിയ്ക്കുന്ന ഓട്ടോ സവാരിയുമായി സുജിത് വാസുദേവ്; ‘ഓട്ടർഷ’ റിവ്യൂ വായിക്കാം..!

സുജിത് വാസുദേവ് തന്നെ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന രണ്ടാം ചിത്രമാണ് ഇന്ന് തീയേറ്ററുകളിൽ എത്തിയ ഓട്ടർഷ. അനുശ്രീയെ പ്രധാന താരമാക്കി ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് എം ഡി മീഡിയ, ലാർവ ക്ലബ് എന്നീ ബാനറുകൾക്ക് വേണ്ടി മോഹൻദാസ് ദാമോദരൻ, സുജിത് വാസുദേവ്, ലെനിൻ വർഗീസ് എന്നിവർ ചേർന്നാണ്.

അനിത എന്ന യുവതി ചന്തപ്പുര സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവർ ആയി എത്തുന്നതും അവിടം മുതലുള്ള സാധാരണത്തിൽ സാധാരണമായ നമ്മുടെ നാട്ടിൻ പുറം കാഴ്ചകളിലൂടെയും മുന്നോട്ട് പോവുന്ന ചിത്രം സെക്കന്റ് ഹാഫിൽ ത്രില്ലർ മൂഡിലേയ്ക്ക് വഴി മാറുന്നു. അനുശ്രീയുടെ കരിയറിലെ മികച്ച പ്രകടനം തന്നെയാണ് ഓട്ടർഷയിലൂടെ താരം കാഴ്ച വച്ചത്.

അനുശ്രീയെ കൂടാതെ രാഹുൽ മാധവ് തുടങ്ങി ഒട്ടനവധി പുതുമുഖങ്ങളും അണി നിരക്കുന്നു.. മടുപ്പ് തോന്നിക്കാത്ത രീതിയിലുള്ള മികച്ച പ്രകടനങ്ങളാണ് എല്ലാവരും കാഴ്ച വച്ചിരിക്കുന്നത്.

എടുത്തു പറയേണ്ടത് സംവിധായകൻ കൂടിയായ സുജിത് വാസുവിനെ തന്നെയാണ്. ഛായാഗ്രഹണവും സംവിധാനവും പാളി പോകാതെ ഒരു പിടിയിൽ ഒന്നിച്ചു കൊണ്ട് പോകാൻ സുജിത്തിന് സാധിച്ചിട്ടുണ്ട്.

ജയരാജ് മിത്രയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പെണ്ണിന്റെ പരിമിതികളിൽ നിന്നും പുറത്തു വന്നു കൊണ്ടുള്ള സന്ദർഭങ്ങൾ തിരക്കഥയിൽ ചേർക്കാനും കഥയ്ക്ക് ജീവൻ നൽകുവാനും കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. ശരീത് ഒരുക്കിയ സംഗീതവും ജോണ്കുട്ടി നിർവഹിച്ച എഡിറ്റിംഗും ചിത്രം പ്രിയപ്പെട്ടതാക്കുന്നു.

ചുരുക്കത്തിൽ കുടുംബത്തോടൊപ്പം കുറെ നേരം ഉല്ലസിച്ചു കാണുവാനും ഒപ്പം കുറച്ചു നേരം ത്രില്ലടിച്ചു ഒരുപാട് ചിന്തകളുമായി തിയേറ്റർ വിടാൻ സാധിക്കുന്ന നലൊരു ചിത്രമാണ് ഓട്ടർഷ.

0 Shares

LEAVE A REPLY