ചാക്കോച്ചനും ജിസ്‌ ജോയിയും ഒന്നിക്കുന്നു!! ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്‌ ബോബി സഞ്ജയ്‌!

വിജയ്‌ സൂപ്പറും പൗർണ്ണമിയും എന്ന ഹിറ്റ്‌ സിനിമക്ക്‌ ശേഷം ജിസ്‌ ജോയ്‌ ഒരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. കുടുംബ പശ്ചാത്തലത്തിലൂടെ പറയുന്ന ഈ ആക്ഷേപഹാസ്യ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌ ബോബി – സഞ്ജയ്‌ ടീമാണ്. ഇതിന് മുൻപ്‌ ജിസ്‌ ജോയ്‌ ഒരുക്കിയ ആദ്യ മൂന്ന് സിനിമയിലും നായകൻ ആസിഫ്‌ അലിയായിരുന്നു.

കുടുംബ ആക്ഷേപഹാസ്യമാണെങ്കിലും നമ്മൾ സ്ഥിരം കണ്ടു വരുന്ന ഒരു ടൈപ്‌ കഥയായിരിക്കില്ല ചിത്രത്തിനെന്ന് സംവിധായകൻ ജിസ്‌ ജോയ്‌ പറയുന്നു. ചാക്കോച്ചന്റെ കഥാപാത്രം അദ്ദേഹത്തിന്റെ തന്നെ കസ്തൂരിമാൻ എന്ന സിനിമയിലെ കഥപാത്രത്തിനോട്‌ കുറച്ച്‌ സമാനതകളുണ്ടെന്നും ജിസ്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യക്ക്‌ നൽകിയ അഭിമുഖത്തിൽ പറയുന്നു.

കെ.പി.എ.സി ലളിത, ശ്രീനിവാസൻ, സിദ്ധിഖ്‌ തുടങ്ങിയവർ വേഷമിടുന്ന സിനിമയുടെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ വർഷം മേയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ്‌ ഔദ്യോഗിക വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കാം.

0 Shares

LEAVE A REPLY