ഉണ്ണി മുകുന്ദൻ നായകനും നിർമ്മാതാവും ആകുന്ന ‘മേപ്പടിയാൻ’; ചിത്രീകരണം പൂർത്തിയാക്കി

    നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത്‌ ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചു. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്‌. പൂർണ്ണമായും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ ആയിരുന്നു മേപ്പടിയാന്റെ ചിത്രീകരണം. കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി ഏതാണ്ട്‌ 39 ദിവസമെടുത്താണ് ചിത്രം ഷൂട്ടിംഗ്‌ പൂർത്തിയാക്കിയത്‌.

    അഞ്ജു കുര്യൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്‌. സൈജു കുറുപ്പ്‌, കലാഭവൻ ഷാജോൺ, അജു വർഗീസ്‌, നിഷ സാരംഗ്‌, ഇന്ദ്രൻസ്‌, കോട്ടയം രമേഷ്‌, അപർണ ജനാർദ്ദനൻ, മേജർ രവി, ശ്രീജിത്ത്‌ രവി, കുണ്ടറ ജോണി, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയ താരങ്ങളും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്‌. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ്‌ ഷമീർ മുഹമ്മദ്‌ ആണ്. രാഹുൽ സുബ്രമണ്യമാണ് സംഗീതം ഒരുക്കുന്നത്‌.