ഇത്‌ മാസ്സാണ്, റിയലിസ്റ്റിക്കാണ്, പൊളിയാണ്; പൊറിഞ്ചു മറിയം ജോസ് റിവ്യൂ വായിക്കാം

ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. നൈല ഉഷ, ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കീർത്തന മൂവീസിന്റെ ബാനറിൽ റെജിമോൻ ആണ്. 87 കാലഘട്ടത്തിൽ തൃശൂർ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പേര് പോലെ തന്നെ മൂന്ന് സുഹൃത്തുക്കളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട്‌ പോകുന്നത്‌.

കാട്ടാളൻ പൊറിഞ്ചുവായി ജോജു ജോർജ്‌ അതിഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്‌. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളിലും മറ്റും ജോജുവിന്റെ മെഴ്‌വയക്കവും സ്ക്രീൻ പ്രസൻസും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒന്ന് തന്നെയായിരുന്നു. ജോസ്‌ എന്ന കഥാപാത്രമായി ചെമ്പൻ വിനോദ്‌ ആടിത്തകർത്തു എന്ന് തന്നെ പറയാം. ഈ ചിത്രം കണ്ടു കഴിയുമ്പോൾ മറിയത്തെ മറ്റാർക്കും ചെയ്യാൻ പറ്റില്ല എന്ന് നമുക്ക്‌ തോന്നിപ്പോകും, അത്രക്ക്‌ അസാധ്യമായാണ് നൈല ഉഷ ആ വേഷം ചെയ്തിരിക്കുന്നത്‌. വിജയരാഘവൻ, സുധി കോപ്പ തുടങ്ങിയവരും തങ്ങളുടെ വേഷം ഭംഗിയായി ചെയ്തിട്ടുണ്ട്‌‌.

അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിച്ച ഛായാഗ്രഹണവും കളർ ആമ്പിയെൻസും വളരെ മികച്ചതായിരുന്നു. സിനിമയിലെ പള്ളിപ്പെരുന്നാൾ സീനുകൾ തീയേറ്ററിൽ തന്നെ കാണേണ്ടതും ആസ്വദിക്കേണ്ടതുമായ ഒന്നാണ്. ചിത്രത്തിന്റെ കയ്യടികളിൽ മികച്ചവയുടെ കൂട്ടത്തിൽ ഛായാഗ്രഹണവും ഉണ്ടാവും. ജേക്സ്‌ ബിജോയ് ഒരുക്കിയ സംഗീതം റിലീസിന് മുന്നേ തന്നെ വൈറൽ ആയിരുന്നു. അതേ ചടുലത തീയേറ്ററിലും കാണാമായിരുന്നു. പല രംഗങ്ങളിലും ജേക്സിന്റെ സംഗീതം പ്രേക്ഷകർക്ക്‌ ഒരു വിരുന്ന് തന്നെ ആയിരുന്നു. രാജശേഖർ ഒരുക്കിയ സംഘട്ടനരംഗങ്ങൾ ആണ് മറ്റൊരു എടുത്ത്‌ പറയേണ്ട സംഗതി. ആക്ഷൻ രംഗങ്ങൾ സിനിമക്ക്‌ കൊടുത്ത മൈലേജ്‌ വളരെ വലുതാണ്. എല്ലാത്തിനുമുപരി ആ പഴയ മാസ്റ്റർ ഡയറക്റ്ററുടെ തിരിച്ചുവരവ്‌. അൽപകാലം സിനിമയിൽ ഇല്ലായിരുന്നുവെങ്കിലും ആ ‘പഴയ’ ജോഷി എവിടെയും പോയിട്ടില്ല എന്ന് തെളിയിക്കുന്ന ഗംഭീര മേകിംഗ്‌ ആണ് അദ്ദേഹം ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്‌. ക്ലൈമാക്സിൽ മുഴങ്ങികേട്ട കയ്യടികൾ ഇദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്.

ഒരു പീരിയോടിക് ആക്ഷൻ മൂവിക്ക് വേണ്ട ചേരുവകൾ എല്ലാം തന്നെ ചേർത്തൊരുക്കിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. തനിമയും പഴമയും നഷ്ടപ്പെട്ട് പോവാതെ ഒരുക്കുന്നതിൽ ജോഷി എന്ന സംവിധായകനും പഴയ വീഞ്ഞെന്ന പോലെ വീര്യം കാട്ടിയ ചിത്രം. എന്തായാലും മലായാളത്തിന്റെ പ്രിയ സംവിധായകന്റെ തിരിച്ചു വരവ് തീയേറ്ററിൽ തന്നെ ആഘോഷിക്കപ്പെടേണ്ട വിരുന്ന് ആണ്. ഒറ്റവാക്കിൽ പറഞ്ഞാൽ പൊറിഞ്ചു മറിയം ജോസ്‌ മാസ്സാണ്, റിയലിസ്റ്റികാണ്, പൊളിയാണ്!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments