തികഞ്ഞ അഭിനേതാവിലേയ്ക്കുള്ള വേഷപകർച്ചയുമായി ഉണ്ണി; ശരാശരി മനുഷ്യന്റെ ജീവിതം പങ്കു വയ്ക്കുന്ന മേപ്പടിയാൻ

വിഷ്ണു മോഹൻ കഥയെഴുതി സംവിധാനം ചെയ്ത് ഇന്ന് തീയേറ്ററുകളിൽ എത്തിയ പുതുവർഷത്തിലെ ആദ്യ മലയാളം ചലച്ചിത്രങ്ങളിൽ ഒന്നാണ് മേപ്പടിയാൻ.
ഉണ്ണി മുകുന്ദൻ പ്രധാന താരമായി എത്തുന്ന സിനിമ നിര്മിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ താരം തന്നെയാണ്.
നാട്ടിൽ തന്നെ വാഹന വർക്ക് ഷോപ്പ് നടത്തി ജീവിക്കുന്ന ജയകൃഷ്ണൻ എന്ന നാട്ടിൻ പുറത്തുകാരനായാണ് ഉണ്ണി ചിത്രത്തിലെത്തുന്നത്. സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ചു കുര്യൻ, കുണ്ടറ ജോണി തുടങ്ങി പരിചിതമായ നിരവധി താരനിര തന്നെ ചിത്രത്തിലുണ്ട്.

ജയകൃഷ്ണന്റെ ശാന്തമായ ജീവിതത്തിടയിൽ ഒരു സ്ഥല കച്ചവടത്തിൽ ഇടപെടുന്നതും പിന്നീട് തലയിലായി പോവുന്ന പുലിവാലുകളും ചർച്ച ചെയ്തു പോവുന്ന സിനിമ പൂർണമായും കേന്ദ്രകഥാപാത്രത്തെ സ്വാധീനിച്ചു പോവുന്നതാണ്. എല്ലാ കഥാപാത്രങ്ങളും അവരുടെ ജോലി ഭംഗിയായി നിർവഹിച്ചപ്പോൾ ഉണ്ണി മുകുന്ദന്റെ വേഷം വലിയ പ്രശംസ അർഹിക്കുന്നുണ്ട്. കരിയർ ചെയ്ഞ്ച് ചെയ്യുന്ന രീതിയിൽ ഒട്ടും മോശമാക്കാതെ ഇമോഷണൽ രംഗങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചു പാത്ത് ബ്രെയ്ക്കിങ് നടത്തിയിരിക്കുകയാണ് ഉണ്ണി.

ചിത്രത്തിലുടനീളം ഉള്ള പശ്ചാത്തല സംഗീതം സിനിമയുടെ നട്ടെല്ല് തന്നെയാണ്. കോട്ടയത്തും പരിസര പ്രദേശത്തുമായി നടക്കുന്ന കഥയുടെ ഛായാഗ്രഹണം നീൽ ഡി കുഞ്ഞയാണ്. കൃത്യമായി കഥയുടെ ഒഴുക്കിന് ഇണങ്ങുന്നതായിരുന്നു ചിത്രത്തിന്റെ ക്യാമറ.

തീർച്ചയായും പുതുവത്സരത്തിലെ ആദ്യ റിലീസുകളിൽ ഒന്നായ മേപ്പടിയാൻ പ്രേക്ഷരുടെ മുഖ്യ ചോയ്സ് ആവുമെന്ന കാര്യത്തിൽ സംശയമില്ല. ഒട്ടും മടുപ്പിക്കാത്ത അവതരണത്തിൽ ഈയിടെ വന്ന നല്ലൊരു സിനിമയാണ് മേപ്പടിയാൻ.