ഞെട്ടിപ്പിച്ച്‌, ത്രില്ലടിപ്പിച്ച്‌, പേടിപ്പിച്ച്‌ വീണ്ടും മലയാളത്തിൽ ഒരു ക്രൈം ത്രില്ലർ; അഞ്ചാം പാതിരാ റിവ്യൂ വായിക്കാം

കുഞ്ചാക്കോ ബോബനെ നായകൻ ആക്കി മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത്‌ ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് അഞ്ചാം പാതിരാ. ആഷിഖ്‌ ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ്‌ ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്‌. വളരെ നാളുകൾക്ക് ശേഷം ഒരു ക്രൈം ത്രില്ലർ മലയാളത്തിൽ വരുന്നത്‌ കൊണ്ടും മികച്ച ട്രെയ്‌ലർ തന്ന വിശ്വാസവും വലിയ പ്രതീക്ഷകൾ തന്നെ ചിത്രത്തിന് പ്രേക്ഷകർ നൽകിയിരുന്നു.

അൻവർ ഹുസൈൻ എന്ന ക്രിമിനോളജിസ്റ്റ് കേരള പോലീസിനെ വല്ലാതെ വലയ്ക്കുന്ന ഒരു കൊലപാതക പരമ്പരയുടെ അന്വേഷണത്തിൽ ചേരുന്നതും അതിന്റെ അന്വേഷണതലങ്ങളും ആണ് ചിത്രം പറയുന്നത്.

മികച്ച കഥയ്ക്ക് മികച്ച അവതരണം കൂടി ആയപ്പോൾ മിഥുൻ മാനുവൽ ഒരുക്കിയത് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണ്. കുഞ്ചാക്കോ ബോബൻ, ജിനു ജോസഫ്, ഉണ്ണിമായ, ശ്രീനാഥ് ഭാസി, ഷറഫുദ്ധീൻ, ഹരികൃഷ്ണൻ എന്നിവർ വളരെ ഭംഗിയായി തങ്ങളുടെ റോളുകൾ അവതരിപ്പിച്ചിരിക്കുന്നു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം മികച്ചതിനും മുകളിൽ ഉള്ള പ്രശംസ അർഹിക്കുന്നു. സുഷിൻ ശ്യാം നിർവഹിച്ച സംഗീതം ഒരു ത്രില്ലർ ചിത്രത്തിൽ എത്ര പ്രാധാന്യം ഉണ്ടോ ആ പ്രാധാന്യം എടുത്തു കാട്ടുന്ന രീതിയിൽ ഉള്ളതാണ്. എഡിറ്റിംഗും കയ്യടി അർഹിക്കുന്നവയാണ്.

കൂടുതൽ വിവരിക്കുന്നത് ഒരു ത്രില്ലർ ചിത്രത്തിന്റെ ആസ്വാദനത്തിന് ഭംഗം വരുത്തും എന്നത് കൊണ്ടും ഒറ്റ വാക്കിൽ പോയി കണ്ടോളൂ എന്ന് പറയാനുള്ള വിശ്വാസം നമുക്കു തരുന്ന ഒരു സിനിമ ആയത്‌ കൊണ്ട് തന്നെ ഉറപ്പായും മറ്റൊന്ന് ചിന്തിക്കാതെ തീയേറ്ററുകളിലേക്ക് പൊക്കോളൂ. കിടിലൻ ട്വിസ്റ്റുമായി മലയാളത്തിലെ മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ ഒന്നു തന്നെ നിങ്ങൾക്ക് കാണാം. അന്യ ഭാഷ ത്രില്ലറുകൾ കണ്ട്‌ കയ്യടിക്കുന്ന നമ്മൾ മലയാളികൾക്ക്‌ അതുപോലെ അല്ലെങ്കിൽ അതിനേക്കാൾ മികച്ച ഒരു ക്രൈം ത്രില്ലർ തന്നെയാണ് അഞ്ചാം പാതിരാ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments