ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരു സർവൈവൽ ത്രില്ലർ; ഹെലൻ റിവ്യൂ വായിക്കാം

വിനീത് ശ്രീനിവാസൻ നിർമിച്ച്‌ മാത്തുക്കുട്ടി സാവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ഹെലൻ ഇന്നാണ് തീയേറ്ററുകളിൽ എത്തിയത്. കുമ്പളങ്ങി നൈറ്റ്സിന് ശേഷം അന്ന ബെൻ നായിക ആയി എത്തുന്ന ചിത്രത്തിൽ ലാൽ, അജു വർഗീസ്, ബിനു പപ്പു തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. നേഴ്സിംഗ്‌ കഴിഞ്ഞ്‌ വിദേശത്തേക്ക്‌ ജോലിക്ക്‌ പോകാൻ ശ്രമിക്കുന്ന ഹെലൻ, പാർട്ട്‌ ടൈം ആയി നഗരത്തിലെ ഒരു ചിക്കൻ ഹബിൽ ജോലി നോക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഫ്രീസറിൽ അകപ്പെടുന്ന ഹെലൻ തുടർന്ന് അവിടുന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തന്റെ ആദ്യ സംവിധാനം സംരംഭം ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിലൂടെ മതിയെന്ന് തീരുമാനിക്കുകയും ആ സംരംഭം അതിന്റെ പൂർണതയിൽ എത്തിക്കുകയും ചെയ്യാൻ സംവിധായകൻ മാത്തുക്കുട്ടി എടുത്ത അധ്വാനം തന്നെയാണ് ചിത്രത്തിന്റെ വിജയം. അന്ന ബെൻ, ലാൽ, പുതുമുഖം നോബിൾ തോമസ്‌, അജു വർഗീസ്‌ തുടങ്ങി എല്ലാ അഭിനേതാക്കളും ചെറുതും വലുതുമായ തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായ അന്ന തന്റെ വേഷം അത്യുജ്ജലമാക്കിയിട്ടുണ്ട്‌ എന്ന് വേണം പറയാൻ.

ആനന്ദ് സി ചന്ദ്രൻ നിർവഹിച്ച ഛായാഗ്രഹണം മികവുറ്റതായിരുന്നു. ചിത്രത്തിന്റെ സ്വാഭാവം അതേ പടി നിലനിർത്തി പോകാൻ ഛായാഗ്രഹണം കൊണ്ട് സാധിച്ചു എന്നത് പ്രശംസനീയം. ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതവും എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ്.

ഹെലൻ മുന്നോട്ട് വയ്ക്കുന്നത് ഒരു ആശയമാണ്, അല്ലെങ്കിൽ ഒരു തിരിച്ചറിവ് ആണ്. പറഞ്ഞു മാത്രം തരാൻ കഴിയാത്ത എന്നാൽ തീയേറ്ററിൽ അനുഭവിച്ചു അറിയേണ്ട ഒരു പ്രത്യേകത ഹെലൻ എന്ന കൊച്ചു ചിത്രത്തിൽ ഉണ്ട്. നിരാശരവാതെ മടങ്ങി വരാമെന്ന് ഉറപ്പ് ഉണ്ട് ഈ ചിത്രത്തിന് ടിക്കറ്റ് എടുക്കുമ്പോൾ. മലയാളത്തിലെ മികച്ച സർവൈവൽ ത്രില്ലർ ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താം ഹെലനെയും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments