രോഹിത് വി എസ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായ ഇന്ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ആയ ചിത്രമാണ് കള. കുടുംബപശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പ്രതികാര കഥയുമായി ആണ് രോഹിത് ഇത്തവണ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലിസ് എന്നീ ചിത്രങ്ങൾക്കുശേഷം രോഹിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു അച്ഛനും മകനും അയാളുടെ ഭാര്യയും ചെറിയ കുട്ടിയും അവരുടെ വളർത്തുനായയും അടങ്ങുന്ന കുടുംബത്തിൽ ഒരു ദിവസം അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. മനുഷ്യനും പ്രകൃതിയുമാണ് ചിത്രത്തിന്റെ തീം. ഈ ഭൂമി ഓരോ പുല്ലിനു പുൽക്കൊടിയ്ക്കും അർഹതപ്പെട്ട ഒന്നാണ് എന്ന് ഓർമിപ്പിക്കുക കൂടെയാണ് ഈ ചിത്രം. ചിത്രത്തിൽ ടൊവിനോയേ കൂടാതെ ദിവ്യാ പിള്ള നായികയായും ലാൽ മറ്റൊരു കേന്ദ്ര കഥാപാത്രമായും എത്തുന്നു.

ഷാജി എന്ന കഥാപാത്രമായി ടോവിനോ ഞെട്ടിക്കുന്ന പ്രകടനം ആണ് കാഴ്ച്ച വെച്ചിരിക്കുന്നത്. മുൻ ടോവിനോ ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ആണ് ടോവിനോ കള എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചത്. ടോവിനോ അവതരിപ്പിക്കുന്ന ഷാജി എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതും. സിനിമയുടെ രണ്ടാം പകുതിയിൽ വരുന്ന സംഘട്ടന രംഗങ്ങൾ അക്ഷാർത്തത്തിൽ കാണുന്ന പ്രേക്ഷകനെ ഞെട്ടിക്കും എന്നുറപ്പ്. ഇന്നേവരെ നാം മലയാള സിനിമയിൽ കാണാത്ത തരത്തിലാണ് അവ ഒരുക്കിയിരിക്കുന്നത്. ടോവിനോയെ കൂടാതെ വില്ലനായി എത്തിയ മൂർ എന്ന നടനും ലാൽ, ദിവ്യാ പിള്ള എന്നിവരും മികച്ച പ്രകടനം തന്നെ ആണ് കാഴ്ച്ച വെച്ചത്. വളരെ കുറച്ചു അഭിനേതാക്കൾ മാത്രമേ സിനിമയിൽ ഉള്ളൂ, പക്ഷെ മുഴുവൻ സമയവും സിനിമയിൽ പ്രേക്ഷകരെ ആകാംക്ഷയൊടെ പിടിച്ചിരുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ പ്രകടനത്തിന് പുറമെ രോഹിതിന്റെ സംവിധാന മികവും അഖിൽ ജോർജിന്റെ ഛായാഗ്രഹണവും ഡോണ്‍ വിന്‍സന്റിന്റെ പശ്ചാത്തലസംഗീതവും എടുത്ത് പറയേണ്ടത് തന്നെയാണ്. സിനിമയുടെ ആസ്വാദനത്തിന് പശ്ചാത്തല സംഗീതം ഏറെ പങ്കുവഹിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.

തീർത്തും വ്യത്യസ്തമായി മലയാള സിനിമയിൽ ഇത്തരത്തിൽ ഒരു അനുഭവം സമ്മാനിക്കുന്ന ആദ്യ സിനിമ തന്നെ ആയിരിക്കും കള. അതുകൊണ്ട് തന്നെ കാണുന്ന പ്രേക്ഷകനെ ഈ സിനിമ നിരാശരാക്കില്ല എന്നുറപ്പ്.