ത്രസിപ്പിച്ച്‌, രോമാഞ്ചം കൊള്ളിച്ച്‌ തിരുനാവായക്കാഴ്ച്ചകൾ; മാമാങ്കം റിവ്യൂ വായിക്കാം

വളരെ നാളുകളുടെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയുടെ ചരിത്ര ഇതിഹാസ ചിത്രമായ മാമാങ്കം തീയേറ്ററുകളിൽ എത്തിയ ദിവസമായിരുന്നു ഇന്ന്. കാവ്യ ഫിലിംസിന് വേണ്ടി വേണു കുന്നപ്പിള്ളി നിർമിച്ചു എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദൻ, അച്യുതൻ, പ്രാചി ടെഹ്‌ലൻ, കനിഹ, ഇനിയ, സുദേവ് നായർ, സിദ്ദിഖ് തുടങ്ങി വലിയ താരനിര തന്നെയുണ്ട്‌. സാമൂതിരി ചതിയിലൂടെ സ്വന്തമാക്കിയ മാമങ്കഭൂമി വെട്ടി പിടിക്കുന്നതിന്റെ ഭാഗമായി വള്ളുവനാടൻ ചാവേറുകൾ തിരുന്നവയായിൽ മാമാങ്ക ദിവസം സാമൂതിരിയെ വധിക്കാൻ എത്തുന്ന മമാങ്കകാഴ്ചയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചന്ദ്രോത്തെ വലിയ പണിക്കർ ആയി മമ്മൂട്ടി നിറഞ്ഞാടി. പെൺ വേഷവും സംഘട്ടന രംഗങ്ങളും ചടുലത നിറഞ്ഞ സംഭാഷണങ്ങളും പ്രേക്ഷകനെ കോരി തരിപ്പിക്കുന്നവ ആയിരുന്നു. ഉണ്ണി മുകുന്ദൻ ചെയ്ത കഥാപാത്രവും മമ്മൂട്ടിക്കൊപ്പം പ്രാധാന്യമുള്ളതാണ്. അസാധ്യ മെഴ്‌വഴക്കം കൊണ്ട് കളരി സംഘട്ടന രംഗങ്ങൾ ഉണ്ണി മുകുന്ദൻ അതി ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്‌. അച്യുതൻ ചെയ്ത 12 വയസ്സുള്ള ചാവേറും സിനിമ കാണുന്ന ആളുടെ രോമങ്ങൾ എണീറ്റു നിർത്താൻ കെൽപ്പുള്ളവ ആയിരുന്നു. പ്രാചി, കനിഹ, മാല പാർവതി, സിദ്ദിഖ് തുടങ്ങിയവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിട്ടുണ്ട്‌.

എം പത്മകുമാർ എന്ന സംവിധായകന്റെ അസാധ്യ കഴിവ് തന്നെയാണ് ചിത്രത്തെ മികച്ചതാക്കിയത്. അദ്ദേഹത്തിന്റെ സിനിമ പരിചയം ഇതുപോലൊരു പീരിയഡ് ഡ്രാമ ഒരുക്കുന്നതിൽ സഹായിച്ചിട്ടുണ്ട് എന്നു വേണം പറയാൻ. സംഗീതവും സംഘട്ടന രംഗങ്ങളും കൃത്യമായി ചാലിച്ച മിശ്രിതമായി രോമാഞ്ചം ഉണർത്തുമ്പോൾ അതിന് വേദി ഒരുക്കിയ ആർട്ട് വർക്കും ഛായാഗ്രഹണവും കയ്യടികൾ അർഹിക്കുന്നു.

ചുരുക്കത്തിൽ തീയേറ്ററിൽ നിന്നു, തീയേറ്ററിൽ നിന്നു മാത്രം കാണേണ്ട ചിത്രമാണ് മാമാങ്കം. വടക്കൻ വീരഗാഥയ്ക്കും, പഴശിയ്ക്കും ശേഷം മലയാളികൾ പാടി നടക്കാൻ പോവുന്ന മറ്റൊരു അഭിമാന ചിത്രം…!!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments