ചിരിച്ചും ചിന്തിപ്പിച്ചും മനസ്സിൽ മന്ദാരം വിടർത്തി രാജേഷ്; ‘മന്ദാരം’ റിവ്യൂ വായിക്കാം…!!

മാജിക് മൗണ്ടേയ്ൻ നിർമിച്ചു വിജേഷ് വിജയ് കഥയെഴുതി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മന്ദാരം. ആസിഫ് അലി നായകനായി എത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ഗ്രിഗറി, എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു.

രാജേഷ് എന്ന യുവാവിന്റെ ചെറുപ്പം ആദ്യ പ്രണയം മുതൽ, അതിനെ സ്വാധീനിച്ച ഘടകങ്ങൾ മുതൽ, ജീവിതത്തിൽ അർത്ഥം ലഭിച്ചെന്ന് അവനു തോന്നും വരെയുള്ള നിമിഷങ്ങൾ വളരെ ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു സംവിധായകൻ.

കോളേജ് ജീവിതവും പ്രണയവും കൂടി നർമത്തിൽ രസിച്ചു മുന്നോട്ട് പോകുന്ന ആദ്യപകുതിയും രാജേഷിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ അരങ്ങേറുന്ന രണ്ടാം പകുതിയും ചിത്രത്തെ മനോഹരമാക്കുന്നു. അടുക്കും ചിട്ടയും നിറഞ്ഞ അവതരണം തന്നെയാണ് ചിത്രത്തിന്റെ ആസ്വാദനമികവ് കൂട്ടുന്നത്.

തിരക്കഥ ഒരുക്കിയ എം. സാജാസിന് അതിൽ വലിയ പങ്ക് തന്നെയുണ്ട്.

മുജീബ് മജീദ് ഒരുക്കിയ ഗാനങ്ങൾ എല്ലാം ചിത്രത്തിന് ശേഷം പ്രേക്ഷകന്റെ പ്രിയപ്പെട്ടതാവുന്നു. ബാഹുൽ രമേശിന്റെ ക്യാമറ കണ്ണുകളും മന്ദാരം പൂവിട്ട കഥ ഭംഗിയോടെ തന്നെ പറഞ്ഞിരിക്കുന്നു.

പതിവ് പോലെ തന്നെ ആസിഫ് അലി തനിക്ക് ലഭിച്ച റോൾ ഗംഭീരമാക്കിയിരിക്കുന്നു. നായികയുൾപ്പടെയുള്ള മറ്റു കഥാപാത്രങ്ങളും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്.

നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മൾ തന്നെ കയ്യിൽ വയ്ക്കുകയും ഒരു മന്ദാരം പൂക്കുന്ന പോലെ നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുകയും ചെയ്യുന്നിടത്ത് നാം മറ്റുള്ളവരെ സ്നേഹിക്കാൻ പ്രാപ്തരാവുന്നു എന്നു മന്ദാരം ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും പറഞ്ഞു കൊടുക്കുന്നു.

കുടുംബത്തോടൊപ്പം ആസ്വദിച്ചു ചിന്തിച്ചും ചിരിച്ചും കാണാവുന്ന ഒരു സുന്ദര ചിത്രം തന്നെയാണ് മന്ദാരം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments