ശ്രീനിവാസൻ മാഷിന്റെ തലയും തലയിലെ കാമുകനും; തമാശ റിവ്യൂ വായിക്കാം..!!

കോളേജിലെ മലയാളം ഡിപ്പാർട്ട്മെന്റ് അധ്യാപകനായ ശ്രീനിവാസൻ എന്ന 30കാരന്റെ ജീവിതത്തിലൂടെയുള്ള കുറച്ചു നേരത്തെ യാത്രയാണ് അഷറഫ് ഹംസ സംവിധാനം ചെയ്ത തമാശ എന്ന ചിത്രം പറയുന്നത്. വിനയ് ഫോർട്ട് നായകനായി എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരുടെ ഹാപ്പി അവേഴ്‌സ് എന്റർട്ടെയ്ൻമെന്റും ഒപ്പം ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോധും ചേർന്നാണ്. ഈദ് റിലീസ് ആയി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രം വലിയ പ്രതീക്ഷകളോടെ ആയിരുന്നു പ്രേക്ഷകർ കാത്തിരുന്നിരുന്നത്.

തലയിൽ മുടിയില്ലാത്ത അപകർഷതാ ബോധം വല്ലാതെ നേരിട്ടിരുന്ന ശ്രീനിവാസൻ മാഷിന്റെ ജീവിതത്തിൽ ബബിത, സഫിയ, ചിന്നു എന്നീ മൂന്നു യുവതികൾ വരുത്തുന്ന മാറ്റമാണ് ചിത്രം പറയുന്നത്‌.
ദിവ്യ പ്രഭ, ഗ്രെയ്‌സ് ആന്റണി, ചിന്നു ചാന്ദ്നി എന്നിവരാണ് പടത്തിലെ നായിക കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. വളരെ മികച്ച രീതിയിൽ സമൂഹത്തോട് ചിലത് ലളിതമായി പറഞ്ഞു നിർത്തുന്നുണ്ട് തമാശ. ഒരു സന്ദേശം കൈമാറുന്ന ചിത്രമല്ല തമാശ, എന്നാൽ ചില സന്ദേശങ്ങൾ തമാശയായി പറയുന്നുമുണ്ട് ചിത്രം. അതിന്റെ ക്രെഡിറ്റ് മുഴുവൻ സംവിധായകൻ അഷറഫ് ഹംസയ്ക്ക് ആണ്. ഒരു നവാഗതൻ എന്നു തോന്നാത്ത രീതിയിൽ ചിത്രം പൂർത്തിയാക്കി എന്നു നിസംശയം പറയാം.

ഛായാഗ്രഹണം നിർവഹിച്ചത് നിർമാതാവ് കൂടിയായ സമീർ താഹിർ ആണ്. വളരെ മികച്ച രീതിയിലാണ് സമീർ താഹിർ തന്റെ ജോലി ചെയ്തത്. കഥയ്ക്ക് ഇണങ്ങുന്ന ലൈറ്റിങ്ങും അന്യായ ഫ്രയിമുകളുമായി സമീർ താഹിർ ഞെട്ടിച്ചിട്ടുണ്ട്. കഥാപാത്രങ്ങൾ എല്ലാം തന്നെ അവരുടെ മികച്ച പെർഫോമൻസ് തന്നെ കാഴ്ച്ച വച്ചു. വിനയ് ഫോർട്ട് വലിയ കയ്യടികൾ തന്നെ അർഹിക്കുന്നു. റെക്സ്‌ വിജയൻ, ഷഹബാസ് അമൻ എന്നിവർ ചേർന്നൊരുക്കിയ സംഗീതം വർണനനകൾക്ക് അപ്പുറമാണ്. തീർച്ചയായും ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും പ്ലെ ലിസ്റ്റിൽ കേറി കൂടാൻ പാകമുള്ള പാട്ടുകളാണ് ചിത്രത്തിലേത്. എഡിറ്റിംഗ്, സൗണ്ട് മിക്സിങ് തുടങ്ങി എല്ലാ മേഖലയും മികവ് പുലർത്തി.

ഇത് കണ്ടിറങ്ങിയവർ കിടു എന്നു പറഞ്ഞതിന് ശേഷം പോയി കാണേണ്ട ഒന്നല്ല. നമ്മൾ കണ്ടു മനസിൽ സൂക്ഷിക്കേണ്ട ചില നിമിഷങ്ങൾ നമുക്ക് കൈമാറുന്ന ഒരു തമാശയാണ്. ഒരു ചെറു ചിരിയോടെ മാത്രം തിയേറ്റർ വിട്ടിറങ്ങാവുന്ന ഒരു തമാശ. ഈദിന് കുടുംബത്തോടൊപ്പം നിരാശരവാതെ കുറച്ചു സമയം നമുക്ക് തമാശിക്കാം, കുറച്ചു നേരം ചിന്തിക്കാം..!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments