പാര്‍വതിക്കൊപ്പം ട്രാന്‍സിന് ശേഷം ഫഹദ്, സംവിധാനം മഹേഷ് നാരായണന്‍

രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടുകയും ബോക്‌സ് ഓഫീസില്‍ മികച്ച വിജമൊരുക്കുകയും ചെയ്ത ടേക്ക് ഓഫ് എന്ന സിനിമയ്ക്ക് ശേഷം മഹേഷ് നാരായണന്‍ പുതിയ സിനിമയുമായി വരുന്നു. ഫഹദ് ഫാസിലും പാര്‍വതി തിരുവോത്തുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് പൂര്‍ത്തിയായ ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്നത് മഹേഷ് നാരായണന്‍ ചിത്രത്തിലായിരിക്കും. മഹേഷ് നാരായണന്‍ തന്നെയാണ് ഈ സിനിമയുടെ രചയിതാവ്. ടേക്ക് ഓഫിന് ശേഷം ഫഹദും പാര്‍വതിയും ഒരുമിച്ചെത്തുന്ന സിനിമ കൂടിയാണ് മഹേഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മ്മാണം. ഇറാഖ് ആഭ്യന്തര യുദ്ധകാലത്ത് ഐസിസ് ബന്ദികളാക്കിയ ഇന്ത്യന്‍ നഴ്‌സുമാരുടെ ജീവിതവും അതിജീവനവും പ്രമേയമാക്കിയാണ് മഹേഷ് നാരായണന്റെ ആദ്യ ചിത്രമായ ടേക്ക് ഓഫ്. പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫലി എന്നിവരും കഥാപാത്രങ്ങളായിരുന്നു. രാജേഷ് പിള്ളാ ഫിലിംസിനൊപ്പം ഷെബിന്‍ ബക്കറും ആന്റോ ജോസഫും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചത്.

ദ ഹിന്ദു ദിനപത്രത്തില്‍ വിജയ് ജോര്‍ജജിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് നാരായണന്‍ പുതിയ പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചത്. ടേക്ക് ഓഫ് ഒരുക്കിയ ടെക്‌നീഷ്യന്‍സ് തന്നെയായിരിക്കും മഹേഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തില്‍ ഒപ്പമെന്നറിയുന്നു.

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന സിനിമയിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ട്രാന്‍സ് അവസാന ഷെഡ്യൂളിലാണ് ഫഹദ് ഫാസില്‍.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments