ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട് റിവ്യൂ

മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന് മുന്നേ തന്നെ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണ രചന നിർവഹിച്ച സിനിമയിൽ മോഹൻലാലിന് പുറമെ ശ്രദ്ധ ശ്രീനാഥ്, ഇന്ദ്രൻസ്, ജോണി ആന്റണി തുടങ്ങി ഒട്ടനവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്തരിച്ച കോട്ടയം പ്രദീപിന്റെയും നെടുമുടി വേണുവിന്റെയും അവസാന ചിത്രങ്ങളിൽ ഒന്ന് കൂടെയാണ് ആറാട്ട്. കെ. ജി. എഫ് എന്ന സിനിമയിലൂടെ പ്രശസ്തനായ രാമചന്ദ്ര രാജുവും ഒരു ചെറിയ വേഷത്തിൽ സംഗീത ഇതിഹാസം എ. ആർ റഹ്മാനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതും സിനിമയുടെ ഒരു പ്രത്യേകതയാണ്.

പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് വരുന്ന ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപനും അയാൾക്ക് ചുറ്റുമുള്ള ആളുകളും സംഭവവികാസങ്ങളും ചേർന്നാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. നെയ്യാറ്റിൻകര ഗോപൻ ആയി ലാലേട്ടൻ തകർത്താടുക തന്നെ ആയിരുന്നു.കോമഡിയായും ആക‌്‌ഷനായും മാസ് ഡയലോഗുകളായുമൊക്കെ മോഹൻലാൽ നിറഞ്ഞു നിന്നു. എല്ലാവരും ഗംഭീരം.

ഏറെ നാളുകൾക്ക് ശേഷം വരുന്ന പക്കാ എന്റർടൈൻമെന്റ് അത് യാതൊരു കുറവും കൂടാതെ ഉണ്ണികൃഷ്ണനും ടീമും പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. അഭിനേതാക്കൾ എല്ലാവരും മികച്ച പെർഫോമൻസുകൾ കാഴ്ചവെച്ചപ്പോൾ കോമഡിയും മാസ്സും ഫൈറ്റും എല്ലാം ചേർന്ന് ഒരു ഗംഭീര സദ്യ തന്നെ ലാലേട്ടൻ പ്രേക്ഷകർക്ക് നൽകി. രാഹുൽ രാജിന്റെ പശ്ചാത്തല സംഗീതം പ്രത്യേക കയ്യടി അർഹിക്കുന്നുണ്ട്. സിനിമയുടെ വേഗതക്ക് ചേർന്ന, പ്രേക്ഷകരെ ആവേശഭരിതരാക്കാൻ അദ്ദേഹം നൽകിയ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. വിജയ് ഉലകനാതിന്റെ ചായഗ്രഹണവും വളരെ നന്നായിരുന്നു.

ഏറെ നാളുകൾക്ക് ശേഷം തിയേറ്ററിൽ എത്തിയ മാസ്സ് മസാല ചിത്രം എന്ന നിലക്ക് തന്നെ കാണുന്ന പ്രേക്ഷകന് നന്നായി ആസ്വദിച്ച്, തിയേറ്ററിൽ ആഘോഷമാക്കി കണ്ടുവരാനുള്ള വിരുന്ന് ആണ് ആറാട്ട്. ഒരു പക്കാ മോഹൻലാൽ എന്റർടൈൻമെന്റ്. ധൈര്യമായി ടിക്കറ്റ് എടുത്തോളൂ..നിങ്ങളെ ഈ സിനിമ നിരാശപ്പെടുത്തില്ല.