66-ാമത് ഫിലിംഫെയര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ഇർഫാൻ ഖാൻ മികച്ച നടൻ, തപ്‌സി പന്നു മികച്ച നടി

66-ാമത് ഫിലിംഫെയര്‍ പുരസ്‌കാരം 2021 ന്റെ ചടങ്ങ് മുംബൈയില്‍ വെച്ച് മാർച്ച് 27‌ ശനിയാഴ്ച്ച രാത്രി നടത്തി. കഴിഞ്ഞ വർഷം ഏപ്രിൽ 29 ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞ അഭിനയ പ്രതിഭ ഇര്‍ഫാന്‍ ഖാനാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. അതിന് പുറമെ താരത്തിന് ‘ലൈഫ് ടൈം അച്ചീവ്‌മെന്റ്’ പുരസ്‌കാരവും നല്‍കി ആദരിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം തപ്‌സി പന്നുവിനാണ് ലഭിച്ചത്.

അംഗ്രേസി മീഡിയം എന്ന ചിത്രത്തിനാണ് ഇര്‍ഫാന്‍ ഖാന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ചിത്രം റിലീസ് ചെയ്തത്. തപ്പട് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് തപ്‌സി പുരസ്‌കാരത്തിന് അര്‍ഹയായത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച നിരൂപക പ്രശംസകള്‍ ലഭിച്ചിരുന്നു.

ചിത്രത്തിലെ ‘ടൂട് കേ ഹം’ എന്ന തുടങ്ങുന്ന ഗാനം ആലപിച്ച രാഘവ് ചൈതന്യയ്ക്ക് മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരവും ലഭിച്ചു. മികച്ച കഥയ്ക്കുള്ള പുരസ്‌കാരവും തപ്പടിനാണ് ലഭിച്ചത്. ഇതിന് പുറമെ, എഡിറ്റിങ്ങ്, സൗണ്ട് ഡിസൈന്‍, പശ്ചാത്തല സംഗീതം എന്നീ വിഭാഗത്തിലും തപ്പട് പുരസ്‌കാരം നേടി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്.