വിവാദങ്ങളും ഒപ്പം കയ്യടികളുമായി റാം ഗോപാൽ വർമയുടെ ‘പവർസ്റ്റാർ’ ട്രെയ്‌ലർ

വിവാദങ്ങൾക്ക്‌ ഒട്ടും പഞ്ഞമില്ലാത്ത ആളാണ് സംവിധായകൻ റാം ഗോപാൽ വർമ്മ. അദ്ദേഹത്തിന്റെ പുതിയ സിനിമയായ പവർസ്റ്റാർ ട്രെയ്‌ലറും തരംഗവും വിവാദവും ആയിരിക്കുകയാണ്. പവർസ്റ്റാർ എന്ന വിളിപേരുള്ള ആളുടെ രാഷ്ട്രീയവും മറ്റുമാണ് സിനിമ പറയുന്നതെന്ന് ട്രെയ്‌ലർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ തെലുഗു സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ പവർസ്റ്റാർ പവൻ കല്യാണിനെ മനപ്പൂർവം കളിയാക്കാൻ വേണ്ടി എടുത്ത ചിത്രമെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്‌.

നിരവധി പേർ ഇതിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്‌. തെലുഗിലെ യുവതാരം നിഖിൽ സിദ്ധാർത്തും ഇതിനെതിരെ പോസ്റ്റ്‌ ചെയ്യുകയുണ്ടായി. ഈ മാസം 25ന് ആണ് ‘പവർസ്റ്റാർ’ ഓൺലൈനിൽ റിലീസ്‌ ആകുന്നത്‌.