സിബി മലയില്‍, രഞ്ജിത് കൂട്ടുകെട്ട് വീണ്ടുമൊരുങ്ങുന്നു; ചിത്രം പ്രഖ്യാപിച്ചത് സമ്മർ ഇൻ ബെത്‌ലഹേമിന്റെ 22ാം വാർഷികത്തിൽ

രഞ്‍ജിത്തിന്റെ രചനയിൽ സിബിമലയിൽ സംവിധാനം ചെയ്ത ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. 1998 സെപ്റ്റംബർ നാലിനാണ് ചിത്രം റിലീസ് ചെയ്തത്. അക്കാലത്തെ ജനപ്രിയ ചിത്രങ്ങളിലൊന്നായിരുന്നു അത്. ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

ഇന്ന് സമ്മർ ഇൻ ബത് ലഹേം ഇറങ്ങിയിട്ട 22 വർഷം പൂർത്തിയാകുന്നു. ഇപ്പോഴിതാ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വാര്‍ഷികത്തില്‍, സിബി മലയില്‍-രഞ്ജിത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ആസിഫ് അലി നായകനായുള്ള ചിത്രമാണ് പുതുതായി ഒരുക്കുന്നത്.

രഞ്ജിത് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ സന്തോഷവാർത്ത അറിയിച്ചത്.” ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങി. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്.” സിബിമലയിലിനൊപ്പമുള്ള ചിത്രത്തോടൊപ്പം ര‍ഞ്ജിത്ത് കുറിച്ചു.