ഭാഗ്യലക്ഷ്മി പരാതി നൽകി; സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസ്

ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരേ കേസെടുത്ത് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന പരാതിയിലാണ് നടപടി. സൈബർസെല്ലിലാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയിരിക്കുന്നത്.

അതേ സമയം തന്നെ യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച അശ്ലീല യൂട്യൂബർ വിജയ് പി നായർക്കെതിരെയും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു. ഇയാളെ കയ്യേറ്റം ചെയ്യുകയും കരി ഓയിൽ പ്രയോഗം നടത്തി മാപ്പും പറയിക്കാൻ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ മുന്നിട്ടിറങ്ങുകയായിരുന്നു.

വിജയ് പി നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കും മറ്റുരണ്ടു പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ സ്ത്രീകളെ അധിക്ഷേപിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിന് പിന്തുണയുമായി നിരവധിപേർ രംഗത്തെത്തിക്കഴിഞ്ഞു. കേസെടുത്താൽ അഭിമാനത്തോടെ ജയിലിൽ പോകുമെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.