‘അയാളും ഞാനും തമ്മിൽ’ ഓർമ്മകൾ പുതുക്കി ലൊക്കേഷൻ സന്ദർശിച്ച്‌ ലാൽജോസ്‌

ലാൽജോസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്‌ നായകനായി 2012 ഒക്‌ടോബറിൽ പുറത്തിറങ്ങിയ സിനിമയാണ് ‘അയാളും ഞാനും തമ്മിൽ’. മൂന്നാറിന്റെ ദൃശ്യ സൗന്ദര്യവും മനോഹര ഗാനങ്ങളുമെല്ലാം അടങ്ങിയ സിനിമ പൃഥ്വിരാജിന്റെയും ലാൽജോസിന്റെയും മാത്രമല്ല, പ്രേക്ഷകരിൽ പലരുടെയും ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരിക്കും. ‘രവി തരകനെ’യും ‘സൈനു’വിനെയും പോലെ സിനിമ കണ്ട ആരും മറക്കാനിടയില്ലാത്ത ഒന്നാണ് ചിത്രത്തിലെ റിഡംക്ഷൻ ഹോസ്‌പിറ്റലും അതിന്റെ പരിസരവും. അത്രയേറെ മനോഹരമായിട്ടാണ് സിനിമയിൽ അവ ചിത്രീകരിച്ചിട്ടുള്ളത്‌. പഴയ ഓർമ്മകൾ പുതുക്കാൻ ആ സ്ഥലവും പരിസരവും സംവിധായകൻ ലാൽജോസ്‌ സന്ദർശിച്ചിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിൽ ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുള്ളത്‌.

മൂന്നാറിനടുത്ത്‌ പോതമേട്‌ എന്ന സ്ഥലത്താണ് സിനിമയിൽ റിഡംക്ഷൻ ഹോസ്പിറ്റൽ ആയി ചിത്രീകരിച്ച ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്‌. അന്നത്‌ ഒരു സ്കൂൾ ആയിരുന്നു. ഇപ്പോൾ അവിടെ ഒരു റിസോർട്ട്‌ ആയി മാറ്റിയിരിക്കുകയാണ്.