മെഗാസ്റ്റാറിനോട്‌ ഏറ്റുമുട്ടാൻ അരവിന്ദ് സ്വാമിയോ? ആചാര്യയിലെ വില്ലനെത്തേടി ആരാധകര്‍

മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി തെലുങ്കിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ആചാര്യ. ബിഗ് ബജറ്റ് ചിത്രമായ ആചാര്യയിൽ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുമെന്നാണ് സൂചന. കൊറടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആചാര്യ. ആദ്യമായാണ് കൊറടല ശിവയുടെ ചിത്രത്തിൽ ചിരഞ്ജീവി നായകനാകുന്നത്.

ബ്രഹ്മാണ്ഡ ചിത്രമായെത്തുന്ന ആചാര്യയിലെ ചിരഞ്ജീവിയുടെ പുത്തന്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ ചിരഞ്ജീവിയോട് ഏറ്റുമുട്ടാന്‍ കരുത്തനായ വില്ലനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ആരാണ് ആ വില്ലെനെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ബോളിവുഡ് താരമായിരിക്കും വില്ലന്‍ എന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ അരവിന്ദ് സ്വാമിയാണ് വില്ലനായെത്തുകയെന്നാണ് ടോളിവുഡിലെ പുതിയ വാര്‍ത്ത. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തില്‍ നായികയാകുക. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.