ജയസൂര്യ ചിത്രം ‘വെള്ളം’ റിലീസിന് ഒരുങ്ങി; തിയറ്റർ തുറന്നാലുടൻ റിലീസ്

ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം വെള്ളം റിലീസിന് ഒരുങ്ങി. ചിത്രത്തിന്റെ സെന്‍സറിങ്ങും പൂര്‍ത്തിയായി. ‘യു’ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.

സിനിമ വ്യവസായ രംഗത്തെ കോവിഡ് പ്രതിസന്ധികളില്‍ നിന്നും തിരികെ കൊണ്ട് വരാനായി ഏതു റിസ്ക്കും ഏറ്റെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ആശങ്കകളില്ലാതെ ചിത്രം തീയറ്ററുകളില്‍ എത്തിക്കാന്‍ ഒരുക്കമാണെന്നും നിര്‍മാതക്കളില്‍ ഒരാളായ ജോസ് കുട്ടി മഠത്തില്‍ പറഞ്ഞു. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ചു എന്ന പ്രത്യേകതയും ഉണ്ട്. സിനിമയുടെ ചിത്രീകരണ വേളയിൽ ജയസൂര്യക്ക് അപകടം ഉണ്ടായ ദൃശ്യങ്ങൾ അടുത്തിടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

ജയസൂര്യയുടെ നായികമാരായി സംയുക്തമേനോന്‍, സ്നേഹ പാലിയേരി എന്നിവര്‍ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു തുടങ്ങി നിരവധി താരങ്ങളും മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.