എഴുപതിന്റെ നിറവില്‍ മലയാളത്തിലെ ഹാസ്യ സാമ്രാട്ട്; അശംസകളുമായി സഹതാരങ്ങളും ആരാധകരും

ഹാസ്യമെന്നാല്‍ മലയാള സിനിമാപ്രേക്ഷകര്‍ക്ക് ജഗതിയായിരുന്നു. മലയാളത്തിലെ ഏക്കാലെത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികാനായകന്‍മാരെ കടത്തിവെട്ടുന്ന പ്രകടനവുമായി ആസ്വാദകരെ പൊട്ടിച്ചിരിപ്പിച്ച താരം. കഴിഞ്ഞ ദിവസം ഏഴുപതാം പിറന്നാളിന്റെ നിറവിലാണ് ജഗതി ശ്രീകുമാര്‍.

1951ജനുവരി അഞ്ചിനാണ് തിരുവനന്തപുരത്തെ ജഗതിയില്‍ ശ്രീകുമാര്‍ ജനിച്ചത്.പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എന്‍കെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്തമകനായിരുന്നു ശ്രീകുമാര്‍. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാല്‍ 3-അം വയസ്സില്‍ തന്നെ അച്ഛനും മകനും എന്ന ചിത്രത്തില്‍ ശ്രീകുമാര്‍ അഭിനയിച്ചു. അച്ഛന്‍ ജഗതി എന്‍ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം മദിരാശിയില്‍ കുറച്ചു കാലം മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്നത്.1973ല്‍ സിനിമാപ്രവേശം. പിന്നീട് ഏതാണ്ട് 40 വര്‍ഷത്തിനടുത്ത സിനിമാജീവിതത്തില്‍ 1500 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. വെറും ഒരു കൊമേഡിയന്‍ എന്ന നിലയില്‍ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ മികച്ച നടന്മാരിലൊരാളായി വളര്‍ന്നു.

ഹാസ്യ കഥാപാത്രങ്ങള്‍ അനശ്വരമാക്കിയതിനാല്‍ മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായി അറിയപ്പെട്ടു. മികച്ച് കൊമേഡിയനായി തിളങ്ങുമ്പോഴും വില്ലാനായും, സ്വഭാവനടനായുമെല്ലാം മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ജഗതി എന്ന പേരിലൂടെ തന്നെ ജനം ആ അഭിനയപ്രതിഭയെ അടയാളപ്പെടുത്തി. ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പിയപ്പെട്ട അമ്പിളിച്ചേട്ടനായി. കിലുക്കം, മിന്നാരം, മൂക്കില്ലാ രാജ്യത്ത്, പ്രാദേശിക വാര്‍ത്തകള്‍, മേലേപ്പറമ്പിലെ ആണ്‍വീട്, നന്ദനം, മീശ മാധവന്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത ജഗതി കഥാപാത്രങ്ങള്‍ പ്രേക്ഷകരെ ഇന്നും ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു.

2012 മാര്‍ച്ച് മാസത്തില്‍ ഉണ്ടായ വാഹനാപകടമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയത്. കഴിഞ്ഞ എട്ടുവര്‍ഷമായി മലയാള സിനിമയുടെ ചിരിക്കൂട്ടുകളില്‍ ജഗതിയില്ല.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ, നിരവധി ഹാസ്യ നടന്മാര്‍ എത്തിയെങ്കിലും ജഗതി ശ്രീകുമാറിന്റെ കസേര മലയാള സിനിമയില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ ഇല്ലെന്ന് പ്രേക്ഷകരും കരുതുന്നു.

കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചെറിയ രീതിയിലുള്ള അഘോഷമാണ് തിരുവനന്തപുരത്തെ പേയാട് ഉള്ള വീട്ടില്‍ നടന്നത്. പിറന്നാള്‍ ദിനത്തില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി പേര്‍ താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. പിറാന്നാളിനൊപ്പം ഈ വര്‍ഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന സന്തോഷ വാര്‍ത്തകൂടി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ജഗതിയുടെ മകന്‍ രാജ്കുമാറാണ് ഇക്കാര്യം പുറത്തുവിട്ടത്.

അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്കു യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക. അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ പരസ്യ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.