റീമേക്ക് ചെയ്യാനാഗ്രഹിക്കുന്ന ചിത്രം വെളിപ്പെടുത്തി സിബി മലയിൽ

മലയാളിപ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങൾ എന്നും സിനിമാപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സംവിധാനം ചെയ്തത ചിത്രങ്ങളിൽ തനിക്ക് റീമേക്ക് ചെയ്യാൻ താൽപര്യമുള്ള ചിത്രം ഏതെന്നു ചോദിച്ചാലും അദ്ദേഹത്തിന്റെ ഉത്തരം മോഹൻലാൽ ചിത്രം തന്നെയാണ്.

‘ഞാന്‍ ചെയ്ത സിനിമകളില്‍ എനിക്ക് റീമേക്ക് ചെയ്യണമെന്ന് ഏറ്റവും ആഗ്രഹം തോന്നുന്ന ഒരേയൊരു ചിത്രമേ ഉള്ളൂ. അത് ദേവദൂതന്‍ ആണ്. ഞാന്‍ ആഗ്രഹിച്ച വിധമല്ല അത് മലയാളത്തിലെത്തിയത്. അത് ഇനി മലയാളത്തില്‍ ഞാന്‍ ആഗ്രഹിച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് മറ്റൊരു ഭാഷയില്‍, ഞാന്‍ ആ സിനിമയെ എങ്ങനെയാണോ കണ്ടത് അതേ രീതിയില്‍ ചെയ്യണമെന്നുണ്ട്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിനു വേണ്ടി ഒരുപാട് വിട്ടുവീഴ്ച ചെയ്ത സിനിമയാണ് ദേവദൂതന്‍.’ സിബി മലയില്‍ പറഞ്ഞു.

ചിത്രത്തില്‍ ഏഴ് വയസ്സുള്ള ഒരു കുട്ടിയായിരുന്നു പ്രധാന കഥാപത്രമെന്നും മോഹന്‍ലാല്‍ ഈ കഥ കേട്ട് താല്‍പര്യം അറിയിച്ചതോടെയാണ് നിര്‍മ്മാതാവ് സിയാദ് കോക്കറിന് ഇത് മോഹന്‍ലാല്‍ സിനിമയായി തന്നെ ചെയ്യണമെന്ന് ആഗ്രഹം തോന്നിയതിനാലാണ് താൻ വഴങ്ങിയതെന്നും സിബി മലയിൽ പറഞ്ഞു.