ഉജ്വല പ്രകടനവുമായി ജയസൂര്യ; മുരളിയെ വെള്ളിത്തിരയിലെത്തിക്കാൻ ഈ നടൻ ചെയ്തത് ബുദ്ധിമുട്ടേറിയ കാര്യങ്ങൾ

കുടിച്ചു ലക്കു കെട്ടു ഉടുതുണി പോലുമില്ലാതെ റോഡിൽ കിടക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അത്തരത്തിൽ യാതൊരു മദ്യത്തിന്റെ സാന്നിധ്യവും ഇല്ലാതെ കഥാപാത്ര പൂർണതക്ക്‌ വേണ്ടി അങ്ങനെ കിടന്ന നടനാണ് ജയസൂര്യ. തന്റെ സിനിമകൾക്ക് വേണ്ടി ഏതറ്റം വരെയും പോവുന്ന ജയസൂര്യ ഇപ്പോൾ പ്രജീഷ് സെൻ ഒരുക്കിയ വെള്ളം എന്ന സിനിമയിലെ പ്രകടനത്തിനാണ് പ്രശംസകൾ ഏറ്റു വാങ്ങുന്നത്. ഉടുതുണി ഇല്ലാതെ മറ്റുള്ളവർ അടിച്ചോടിക്കുന്നത് മുതൽ നിലത്തു നിന്നു സ്പിരിറ്റ് നക്കി എടുക്കുന്ന ഭാഗം വരെ ചെയ്യാൻ തയ്യാറായിരുന്നു താരം.

അതിന്റെയെല്ലാം പൂർണത തീയേറ്ററുകളിൽ നിന്നു നമുക്ക് ലഭിക്കുന്നുമുണ്ട്. അത്രയേറെ മികച്ച അഭിപ്രായങ്ങളാണ് വെള്ളം നേടികൊണ്ടിരിക്കുന്നത്. മുഴുകുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്‌. അപ്പോത്തിക്കിരി, സു സു സുധി വാത്മീകം തുടങ്ങിയ പ്രശംസ ഏറ്റുവാങ്ങിയ ഒട്ടനവധി ജയസൂര്യ കഥാപാത്രങ്ങളുടെ ലിസ്റ്റിലേക്ക്‌ ഒന്നുകൂടിയാണ് വെള്ളത്തിലെ മുരളി.