കുഞ്ഞ് സിമ്ബയെ ആരാധകർക്ക് പരിചയപ്പെടുത്തി മേഘ്‌ന രാജ്

തെന്നിന്ത്യൻ താരം മേഘ്ന രാജ് അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മരണപ്പെടുന്നത്. വികാരഭരിതമായ രംഗങ്ങൾ ആയിരുന്നു അന്നത്തേത്. കുഞ്ഞ് ജനിച്ച ശേഷം നടന്ന ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ കുഞ്ഞിനെ ആദ്യമായി എല്ലാവര്‍ക്കുമുന്നിലും പരിചയപ്പെടുത്തിയിരിക്കുകയാണ് മേഘ്നാ രാജ്.

മുൻപ് അറിയിച്ചിരുന്ന പോലെ പ്രണയദിനമായ ഫെബ്രുവരി 14ന‍ാണ് മകന്‍ സിമ്ബയെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും മേഘ്ന ഇതിനൊപ്പം പങ്കുവെച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മേഘ്ന കുഞ്ഞ് സിമ്ബയുടെ ചിത്രങ്ങളും ദൃശ്യവും പങ്ക് വെച്ചത്.

വിഖ്യാതമായ ലയണ്‍ കിങ് സിനിമയിലെ പോസില്‍ മകനെ അവതരിപ്പിക്കണമെന്ന കാര്യം ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ പറഞ്ഞിരുന്നതായി മേഘ്നാ രാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് കുഞ്ഞിന്‍റെ പേര്.

ജൂനിയര്‍ ചിരു പറയുന്ന വരികളായാണ് മേഘ്‌ന അടിക്കുറിപ്പ് എഴുതിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്.