ഇന്ത്യയിലെ ആദ്യ മഡ്റേസിംഗ് കഥ പറയുന്ന ‘മഡ്ഡി’ യുടെ ടീസർ എത്തി

ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം എന്ന പേരിൽ എത്തുന്ന ‘മഡ്ഡി’-യുടെ ടീസർ റിലീസ് ചെയ്തു. നവാഗതനായ ഡോ.പ്രഗഭല്‍ ആണ് സംവിധാനം നിർവഹിക്കുന്നത്. 5 ഭാഷകളിലായാണ് സിനിമ റിലിസ് ചെയ്യുന്നത്.

‘മഡ്ഡി’ നിര്‍മ്മാണത്തിന്‍റെ അവസാന ഘട്ടത്തിലാണ് എന്നാണ് വിവരം. ഓഫ് റോഡ് മോട്ടോര്‍ സ്‌പോര്‍ട്ടിന്‍റെ ഒരു രൂപമാണ് മഡ്റേസിങ്ങ്. മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകള്‍ അപൂര്‍വമാണ്. മഡ് റേസിംഗ് വിഷയം ആകുന്ന ആക്ഷന്‍ ത്രില്ലറാണ് ചിത്രം. പി.കെ. സെവന്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്.

പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരഡി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു.

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്‌റൂര്‍ സംഗീതവും, രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലേകേഷ് എഡിറ്റിങ്ങും, ഹോളിവുഡില്‍ പ്രശസ്തനായ കെ.ജി രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സിനിമ വേറിട്ട അനുഭവം ആകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.