മഞ്ജു വാര്യർ, സണ്ണി വെയ്ൻ ചിത്രം ചതുർമുഖത്തിലെ 4ആം മുഖം വെളിപ്പെടുത്തി അണിയറ പ്രവർത്തകർ

മഞ്ജു വാര്യറും സണ്ണി വെയ്നും മുഖ്യ വേഷത്തിലെത്തുന്ന സിനിമയാണ് ചതുർമുഖം. രഞ്ജിത്ത് കമല ശങ്കറും, സലില്‍.വി
യും ചേർന്നു ആണ് ഈ സിനിമയുടെ സംവിധാനം. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽ ഒരുങ്ങുന്ന ചലച്ചിത്രം എന്ന നിലയിൽ വരുന്ന ഈ സിനിമയിലെ ‘ചതുർ മുഖത്തിന്റെ ’ ടൈറ്റിൽ സൂചിപ്പിക്കുന്ന നാലാമത്തെ മുഖം ഇപ്പോൾ അണിയറക്കാർ പുറത്തു വിട്ടിരിക്കുകയാണ്. ഒരു സ്മാർട്ട്‌ ഫോൺ ആണ് ആ നാലാം മുഖം. മഞ്ജു വാര്യറും സണ്ണി വെയ്നും എറണാകുളത്തു വെച്ചു നടന്ന പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്‌.

മഞ്ജുവാര്യരും, സണ്ണി വെയിനും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ സിനിമയിലെ നാലാമത്തെ മുഖമാരാണെന്നുള്ള പ്രേക്ഷകരുടെ സംശയത്തിനു വിരാമം ഇട്ടു കൊണ്ടാണ് ഇതിനുള്ള ഉത്തരവുമായ് മഞ്ജു വാര്യരും സണ്ണി വെയിനും എത്തിയത്. ഒരു സ്മാർട്ട് ഫോണിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷൻ പോസ്റ്ററും, സിനിമയ്ക്കു വേണ്ടി ഒരുക്കിയ കൗതുകരമായ റിങ്ങ്ടോണും ഇരുവരും ഇതിനോടൊപ്പം പുറത്തിറക്കി. ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.