ദുല്‍ഖര്‍ – റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിന്റെ ‘സല്യൂട്ട്’ ചിത്രീകരണം പൂര്‍ത്തിയായി; ദുൽഖറിന് നന്ദി പറഞ്ഞ് സംവിധായകന്റെ കുറിപ്പ്

ദുല്‍ഖര്‍ സല്‍മാന്‍ റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിൽ എത്തുന്ന സിനിമ ‘സല്യൂട്ട്’ ഇന്റെ ചിത്രീകരണം പൂര്‍ത്തിയായി. വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഏറ്റവും മികച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നാണ് ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിം ഹൗസ് എന്നും റോഷൻ പറയുന്നു. താരത്തിന് നന്ദി അറിയിച്ചുകൊണ്ട് സംവിധായകൻ റോഷൻ ആൻഡ്രൂസ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയം ആയത്.

ബോളിവുഡ് താരം ഡയാന പെന്റിയാണ് സല്യൂട്ടിലെ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ട്രാഫിക് എന്ന സിനിമയ്ക്ക് ശേഷം പോലീസ് പശ്ചാത്തലത്തിൽ ഇരുവരും ചേർന്ന് തിരക്കഥ ഒരുക്കുന്ന സിനിമ എന്ന പ്രത്യേകതയും സല്യൂട്ടിനുണ്ട്.

ദുൽഖർ ഒരു നല്ല മനുഷ്യൻ ആണെന്നും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും സംവിധായകൻ കുറിപ്പിൽ എടുത്ത് പറയുന്നു. മനോജ് കെ ജയനോടും, സിനിമയിൽ സഹകരിച്ച എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.