സുരേഷ് ഗോപിയുടെ കാവൽ റിലീസിന് ഒരുങ്ങുന്നു

സുരേഷ് ഗോപിയുടെ ആക്ഷൻ ഫാമിലി സിനിമയായ ‘കാവല്‍’ ചിത്രീകരണം പൂർത്തിയായി റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. താമസിയാതെ റിലീസ് ചെയ്യാന്‍ സാധ്യതയുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. നിതിൻ രഞ്ജി പണിക്കരാണ് സിനിമ സംവിധാനം ചെയ്യുന്നത്.

തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ ‘കാവല്‍’ ടീം സിനിമയുടെ ടീസര്‍ പുറത്തിറക്കിയിരുന്നു. ഇതൊരു മാസ് സിനിമ ആയിരിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്.

കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ടെന്നും സംവിധായകന്‍ അടുത്തിടെ പറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ ‘കസബ’ ആയിരുന്നു നിതിൻ രഞ്ജി പണിക്കരിന്റെ ആദ്യ സിനിമ.