കങ്കണയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ബോളിവുഡ് താരം കങ്കണ റണൗട്ടിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കങ്കണ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചത്. ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്നാണ് താരം പറയുന്നത്. കോവിഡ് 19 രണ്ടാം ഘട്ടം ഇന്ത്യയെ ആകെ വലയ്ക്കുകയാണ്.

കങ്കണ ഇപ്പോൾ നിരീക്ഷണത്തിലാണ്. ധ്യാനിക്കുന്ന ചിത്രത്തിന് ഒപ്പമാണ് താരം കൊറോണ സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്. കുറിപ്പിന്റെ പൂർണ്ണ രൂപം, മലയാള പരിഭാഷയിൽ ചുവടെ നൽകുന്നു.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളിൽ നേരിയ ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടു, ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു, അതിനാൽ ഇന്നലെ കൊവിഡ് ടെസ്റ്റ് നടത്തി, ഇന്ന് ഫലം വന്നു, ഞാൻ പോസിറ്റീവ് ആണ്.

നിലവിൽ ക്വാറന്റീനിലാണ്. ഈ വൈറസ്‌ എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ അറിഞ്ഞ സ്ഥിതിക്ക് എനിക്കറിയാം ഞാന്‍ അതിനെ ഇല്ലാതെയാക്കും എന്ന്. പേടിച്ചാല്‍ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിയ്ക്കും വഴങ്ങി കൊടുക്കരുത്. വരൂ നമുക്ക് കൊവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം. ഹര ഹര മഹാദേവ്’, കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു.