ദുൽഖർ നായകനാകുന്ന ‘സല്യൂട്ടി’ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു

ദുല്‍ഖര്‍ സല്‍മാൻ നായകനാകുന്ന ‘സല്യൂട്ട്’ അധികം വൈകാതെ എത്തിയേക്കും എന്ന് റിപ്പോർട്ടുകൾ. ഇപ്പോൾ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. പ്രതീക്ഷിച്ചതിലും വേഗം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു.

ഇപ്പോൾ സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. സബ് ഇന്‍സ്‌പെക്ടര്‍ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സൽമാൻ അവതരിപ്പിക്കുന്നത്. മുഴുനീള പോലീസ് ഉദ്യോഗസ്ഥനായി ദുൽഖർ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സാനിയ അയ്യപ്പൻ ഒരു പ്രധാന വേഷം ചെയുന്നു.

ബോളിവുഡ് താരം ഡയാന പെന്റിയാണ് ‘സല്യൂട്ടി’ലെ നായിക. ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമകളിൽ സാന്നിധ്യമായ അശുതോഷ് റാണയും സിനിമയിൽ വേഷമിടുന്നു. സന്തോഷ് നാരായൺ ആണ് സംഗീതം ഒരുക്കുന്നത്. ദുൽഖറിന്റെ നിർമ്മാണ കമ്പനി തന്നെയാണ് സിനിമ നിർമ്മിക്കുന്നത്. എ. ശ്രീകുമാർ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും.