അക്വേറിയത്തിന്റെ ട്രെയ്ലര് പുറത്തിറക്കി. ദേശീയപുരസ്കാര ജേതാവായ ടി. ദീപേഷാണ് ചിത്രത്തിന്റെ സംവിധായകന്. ഹണി റോസ്, സണ്ണി വെയ്ന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ എന്നായിരുന്നു ആദ്യം സിനിമയുടെ പേര്. ചിത്രത്തിന് മുൻപ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. രണ്ടു പ്രാവശ്യത്തെ സെന്‍സര്‍ ബോര്‍ഡ് വിലക്കുകള്‍ മറികടന്നാണ് ചിത്രം ‘അക്വേറിയം’ എന്ന പുതിയ പേരില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.
ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ മേയ് 14-നാണ് റിലീസ് ചെയ്യുന്നത്. പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് റിലീസ് അനുസതി ലഭിച്ചത്. ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരമാണ് ചിത്രത്തിന്റെ പേരുമാറ്റിയത്. സ്ത്രീയുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ മതങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നുവെന്ന വിഷയമാണ് സിനിമ കൈകാര്യംചെയ്യുന്നത്.
ശാരി, കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായകന് വി.കെ.പ്രകാശ്, കന്നട നടി രാജശ്രീ പൊന്നപ്പ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപേഷിന്റെ തന്നെ കഥയ്ക്ക് ബല്‍റാമാണ് തിരക്കഥ തയ്യാറാക്കിയത്. ഛായാഗ്രഹണം പ്രദീപ് എം.വര്‍മയാണ് കൈകാര്യം ചെയ്തത്. ഷാജ് കണ്ണമ്പേത്താണ് സിനിമ നിർമ്മിക്കുന്നത്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യന്‍ ചിത്രം ആയിരുന്നു അക്വേറിയം. മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് റിലീസ് തടഞ്ഞത്.



