മലയാളത്തിന്റെ താരരാജാവിന് പിറന്നാൾ മധുരം; 61 ന്റെ നിറവിൽ ആരാധകരുടെ സ്വന്തം ലാലേട്ടൻ

മലയാളസിനിമയിലെ താരരാജാവാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ. ആരാധകരുടെ സ്വന്തം ലാലേട്ടൻ. താരത്തിനിന്ന് 61 ാം പിറന്നാളാണ്. കൊവിഡ് പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടില്ല എങ്കിലും പ്രിയ താരത്തിന് ആശംസകളുമായി ആരാധകരും സിനിമാലോകവും സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുകയാണ്.

1980 ൽ ഫാസിലിന്റെ സംവിധാനത്തിലെത്തിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ തുടങ്ങിയ സിനിമാപ്രവേശം ഇന്ന് 200 കോടി ക്ലബ്ബിലെ ചിത്രങ്ങളിലെത്തി നിൽക്കുകയാണ്. വില്ലനായ നരേന്ദ്രൻ, മലയാളികളെ അധോലോക നായകന്റെ ആരാധകരാക്കിയ വിൻസെന്റ് ഗോമസ്,തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും,പാദമുദ്രയിലെ മാതു പണ്ടാരവും പിന്നീട് കേരള സമൂഹത്തിന്റെ പൗരുഷ സങ്കൽപ്പങ്ങളെ ആവേശം കൊള്ളിച്ച ദേവാസുരവും, രാവണ പ്രഭുവും, നരസിംഹവും, കടന്ന് അതി സാഹസികതയും, ത്രില്ലർ അനുഭവവും സമ്മനിച്ച ദൃശ്യവും, പുലിമുരുകനും വരെയെത്തി.

ഇരുവരിലൂടെ തമിഴകത്തെ കോരിത്തരിപ്പിക്കാനും, ജില്ലയും കാപ്പാനും, ജനതാ ഗാരേജുമൊക്കെയായി തമിഴ് തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടതാരമാകാനും മോഹൻ ലാലിന് കഴിഞ്ഞു. ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാൻ താരത്തിനായി.

ഇനിയെന്ത് എന്ന് കരുതി വിസ്മയത്തോടെ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയില്ല എന്നുമാത്രമല്ല പതിനമടങ്ങ് ആവേശമുയർത്തി ലൂസിഫറിന്റെ വരവ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗമെത്തിയിട്ടും മോഹൻലാലിന്റെ മാനറിസങ്ങളിൽ യാതൊരു മാറ്റവും കാണാനായില്ല ആരാധകർക്ക്. നെയ്യാറ്റിൻകര ഗോപന് വേണ്ടിയും കുഞ്ഞാലി മരക്കാറിന് വേണ്ടിയും അബ്രാം ഖുറേഷി അബ്രാമിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.

മലയാളം സിനിമ ആദ്യമായി 100 കോടിയും 150 കോടിയും 200 കോടിയുമൊക്കെ കടന്നത് ഈ നടനവിസ്മയത്തിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. അഭിനയരംഗത്ത് ഇനിയും നിരവധി അത്ഭുതങ്ങൾ സമ്മാനിക്കുവാനും മലയാള സിനിമയുടെ യശസ് ഉയർത്തുവാനും. മോഹൻലാലെന്ന അതുല്യപ്രതിഭക്ക് ആശംസകൾ നേരുകയാണ് ലോകം മുഴുവനും.
മലയാളത്തിന്റെ മഹാ നടന് 10 G Media യുടെ പിറന്നാൾ ആശംസകൾ