നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള തമിഴ് സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് സുഹാസിനി. പ്രിയന്, ഡെന്നിസ് ജോസഫ്, ദിനേശ് ബാബുവും ഒന്നിച്ച് സിനിമ ചർച്ചകൾ നടത്തിയ ഓർമ്മകൾ പങ്കുവെച്ച് സുഹാസിനി. പ്രിയ സുഹൃത്ത് ഡെന്നിസ് ജോസഫിന്റെ മരണത്തിനെ തുടർന്നാണ് അവർ പഴയ ഓർമ്മകൾ പങ്കുവെച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്നു ഡെന്നീസ് ജോസഫ്.
തങ്ങളുടെ സൗഹൃദം പബ്ബുകളിലോ ഡിസ്കോ ബാറിലോ ആയിരുന്നില്ല മറിച്ച് സിനിമകളുടെ ലൊക്കേഷൻ ഇടവേളകൾ ആയിരുന്നു എന്നും അവർ പറയുന്നു. ഇടവേളകളിൽ സിനിമ ചർച്ചകൾ നടത്തിയിരുന്നു എന്നും ഇത് പലപ്പോഴും തകർക്കങ്ങളിൽ ആയിരിക്കും അവസാനിക്കുക എന്നും അവർ ഓർക്കുന്നു.
സുഹാസിനിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം;
‘പ്രിയന്, ഡെന്നിസ് ജോസഫ്, ദിനേശ് ബാബു എന്നിവരായിരുന്നു എന്റെ ഇരുപതുകളിലെ കൂട്ടുകാര്‍. ഞങ്ങള്‍ പബ്ബുകളിലോ പോവുകയോ ഡിസ്കോ ബാറുകളിലോ പോയിരുന്നില്ല, പക്ഷേ പതിവായി എന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കണ്ടുമുട്ടും. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യും. പ്രിയന് അക്കാലത്ത് മലയാളത്തില്‍ ചെറിയ ബഡ്ജറ്റിലുള്ള കോമഡി സിനിമകള്‍ ചെയ്യുകയാണ്, ഡെന്നീസ് അന്ന് കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ തിരക്കഥാകൃത്തായിരുന്നു, ദിനേഷ് ആവട്ടെ തമിഴ് സിനിമയിലെ പ്രശസ്തനായ സിനിമോട്ടോഗ്രാഫര്‍. ഒരു നടിയെന്ന രീതിയില്‍ ലഭിക്കുന്ന ഓരോ വീട്ടമ്മ വേഷങ്ങളിലും ഫെമിനിസം കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു ഞാനന്ന്.
എന്നും ഒരു പുതിയ കഥയോടെ ഞങ്ങളുടെ സംഭാഷണങ്ങള്‍ തുടങ്ങും, പിന്നീടത് തമിഴും മലയാളവും ഇംഗ്ലീഷുമൊക്കെയടങ്ങുന്ന ലോക സിനിമയെ പറ്റിയുള്ള ഗഹനമായ ചര്‍ച്ചകളായി മാറും, അതിനിടയില്‍ ഒരുപാട് ചായകളും സിഗരറ്റുകളും തീരും (അവര്‍ മൂന്നുപേരും അതിഭീകര ചെയിന്‍ സ്മോക്കേഴ്സ് ആയിരുന്നു). ആ ചര്‍ച്ചകള്‍ അവസാനിക്കുന്നത് വഴക്കിലാവും. ദുര്‍വാശിക്കാരായ ഈ മൂന്ന് മലയാളി പുരുഷന്മാരുമായി ഇനി സംസാരിക്കില്ലെന്ന് ഞാനെന്ന തമിഴത്തി എല്ലായ്പ്പോഴും ശപഥം ചെയ്യും. എല്ലാ വാദങ്ങളിലും ഞാന്‍ പരാജയപ്പെടും, പ്രത്യേകിച്ചും പ്രിയനോട്.”



