മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ഉമ്മ സുൽഫത്തിന്റെയും പ്രണയത്തെ കുറിച്ച് പറയുകയാണ് മകനും താരവുമായ ദുൽഖർ സൽമാൻ. വാപ്പയുടെയും ഉമ്മയുടെയും ദാമ്പത്യ സ്നേഹത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ് തുറന്നത്. വാപ്പയ്ക്ക് അരികില്‍ നിന്ന് ഉമ്മ മാറി നില്ക്കുമ്പോള് ദിവസങ്ങള്‍ എണ്ണി തീര്‍ക്കുന്ന വേറിട്ട പ്രണയമാണ് അവര്‍ക്കിടയില്‍ ഉള്ളതെന്നും അത് താരതമ്യം ചെയ്യുമ്പോൾ തങ്ങളുടെ പ്രണയമൊന്നും ഒന്നുമല്ലെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.
”ഞാന്‍ കണ്ടിട്ടുള്ള ഒരു യമണ്ടന്‍ പ്രണയം ഏതെന്നു ചോദിച്ചാല്‍ വാപ്പയുടെയും ഉമ്മയുടെയുമാണ്. ഞങ്ങളുടെ പ്രണയമൊന്നും അതിന്റെ മുന്നില്‍ ഒന്നുമല്ല. എന്റെ സഹോദരി അമേരിക്കയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉമ്മ അവിടെ പോയി കുറച്ചു നാള് നിന്നിരുന്നു. അന്ന് വാപ്പയും, ഉമ്മയും പിരിഞ്ഞിരിക്കുന്ന ദിവസമൊക്കെ അവര്‍ ഓര്‍ത്തു വയ്ക്കും, കണ്ടിട്ട് ഇത്ര ദിവസമായി എന്നൊക്കെ. അതൊക്കെ തന്നെയാണ് ഞാന്‍ കണ്ടിട്ടുള്ള യമണ്ടന്‍ പ്രണയം. അല്ലാതെ എന്റെ സ്റ്റൈലിലുള്ള ന്യൂജെന്‍ പ്രണയമൊന്നും അതിന്റെ അത്രയും വരില്ല” പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ സല്മാന് ഇക്കാര്യങ്ങൾ പറഞ്ഞത്.



