ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചു.വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. 98 വയസായിരുന്നു.

നാലു ദശാബ്ദത്തിലധികം കാലം സിനിമാപ്രേമികളെ അതിശയിപ്പിക്കുന്ന പ്രകടനവുമായി വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലീപ് കുമാർ. എന്നാൽ 60 വർഷത്തെ തന്റെ കലാ ജീവിതത്തിൽ 40 സിനിമകളിൽ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച കഥാപാത്രങ്ങൾക്കാണ് അദ്ദേഹംജീവൻ നൽകിയിത്. ഒരേ സമയം സ്വപ്ന നായകനായും, വിഷാദനായകനായും ദിലീപ് കുമാർ ആരാധകരുടെ ഹൃദയം കവർന്നു.
പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർ ഖാന്റെ പന്ത്രണ്ടുമക്കളിലൊരാളായാണ് 1922 ഡിസംബറിൽ മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസ്സിൽ മുഹമ്മദ് മുംബൈയിലെത്തി. ഉപജീവനത്തിനായി പൂനെയ്ക്കടുത്ത് മിലിട്ടറി ക്യാമ്പിൽ ക്യാന്റീൻ നടത്തി. അക്കാലത്താണ് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ റാണിയും ഭർത്താവ് ഹിമാൻഷു റായിയും മുഹമ്മദിനെ കണ്ടെത്തുന്നത്. ആ കണ്ടുമുട്ടൽ സിനിമയിലേക്കുള്ള വഴി തുറന്നു.

1944-ൽ ദേവികാ റാണി നിർമ്മിച്ച ‘ജ്വാർ ഭാത’യിലെ നായകനായി അദ്ദേഹം സിനിമയിലെത്തി.’ദീദാർ’, ‘അമർ’ തുടങ്ങിയ ചിത്രങ്ങളില്‍ വിഷാദനായകനായി തിളങ്ങി. 1955-ല്‍ ബിമല്‍ റോയി സംവിധാനം ചെയ്ത ദിലീപ് കുമാര്‍ ചിത്രം ‘ദേവദാസ്’ സൂപ്പര്‍ഹിറ്റായി. ‘ഗംഗാജമുന’, ‘രാം ഔർ ശ്യാം’ തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യനടനായി മികവാർന്ന് പ്രകടനം കാഴ്ചവച്ചു. പ്രശസ്ത ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരൺ വർമയാണ് മുഹമ്മദ് യൂസഫ്ഖാന്റെ പേര് ദിലീപ് കുമാർ എന്നാക്കിയത്.
ഇടയ്ക്ക് കുറച്ച് വർഷങ്ങൾ സിനിമാലോകത്തുനിന്നും മാറിനിന്ന ദിലീപ് കുമാർ 1981-ൽ വീണ്ടും വെള്ളിത്തിരയിലെത്തി.ദേവദാസ്, മുഗൾ ഇ അസം, മധുമതി, ക്രാന്തി എന്നിവ അടക്കം ദിലീപ് കുമാർ അഭിനയിച്ച നിരവധി ചിത്രങ്ങൾ ഇന്ത്യൻ സിനിമാചരിത്രത്തിന്റെ ഭാഗമാണ്. ‘ഗംഗാജമുന’ എന്ന ചിത്രത്തിലൂടെ സിനിമാ നിർമ്മാതാവായി അദ്ദേഹം. ‘കലിംഗ’ എന്ന ചിത്രത്തിലൂടെ സംവിധായകനായെങ്കിലും ചിത്രം റിലീസായില്ല. 1998-ൽ ഡബിൾ റോളിലെത്തിയ ‘ക്വില’യാണ് അദ്ദേഹത്തിന്റെ അവസാനചിത്രം.

ഫിലിംഫെയറില്‍ എട്ടു തവണയാണ് ദിലീപ് കുമാർ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 1980-ല്‍ മുംബൈ ഷെരീഫായി നിയമിതനായി അദ്ദേഹം. 1991-ൽ പത്മഭൂഷൻ സൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1994-ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ദിലീപ് കുമാറിന് ലഭിച്ചു. 1997-ൽ ആന്ധ്ര സർക്കാർ എൻടിആർ ദേശീയ പുരസ്കാരം നൽകി ആദരിച്ചു. 2000 മുതല്‍ 2006-വരെ രാജ്യസഭാംഗമായിരുന്നു (നോമിനേറ്റഡ്). 1998-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് നൽകി പാക്കിസ്ഥാൻ ദിലീപ്കുമാറിനെ ആദരിച്ചു. 2014-ൽ പാക്കിസ്ഥാൻ സർക്കാർ പെഷവാറിലെ അദ്ദേഹത്തിന്റെ ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു. 2015-ൽ പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു.
നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച, തന്നെക്കാൾ 22 വയസ്സിനിളപ്പമുള്ള സൈറാബാനുവിനെ അദ്ദേഹം ജീവിതസഖിയാക്കി.’സബ്സ്റ്റൻസ് ആൻഡ് ദ ഷാഡോ’ എന്ന പേരിൽ ദീലീപ് കുമാറിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളിയും മുതിർന്ന സിനിമപത്രപ്രവർത്തകയും സ്ക്രീൻ വീക്കിലി എഡിറ്ററുമായിരുന്ന ഉദയതാരയാണ് പുസ്തകം തയ്യാറാക്കിയത്.


