ബോളിവുഡിലേക്ക് ചുവട് മാറ്റി നിമിഷ സജയൻ

ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷി എന്ന ഒരറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് നിമിഷ. എന്നാൽ‌ താരത്തിനെ പറ്റിയുള്ള പുതിയ വാർത്ത താരം ബോളിവുഡിലേക്ക് ചേക്കേറുകയെന്നതാണ്.

ഒനിർ സംവിധാനം ചെയ്യുന്ന വി ആർ എന്ന ചിത്രത്തിലൂടെയാണ് നിമിഷ ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. 2011ൽ ഒനിർ തന്നെ ഒരുക്കിയ ആന്തോളജി ചിത്രം ‘ഐ ആം ലൈക് ഐ ആം’ സിനിമയുടെ തുടർച്ചയാണ് ‘വി ആർ’. നാല് വ്യത്യസ്ത കഥകൾ പറയുന്ന ആന്തോളജിയായാണ് ‘വി ആറും’ ഒരുങ്ങുന്നത്. താരനിർണയം പൂർത്തിയായി വരുന്നു. സെപ്റ്റംബറോടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.

നിമിഷ പ്രധാന കഥാപാത്രമായി എത്തുന്ന ഫഹദ് ചിത്രം മാലിക് ജൂലൈ 15ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. നതാലിയ ശ്യാം ഒരുക്കുന്ന ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ഇംഗ്ലിഷ്–ഇന്ത്യൻ ചിത്രത്തിലും നിമിഷ അഭിനയിച്ചിരുന്നു. ബോളിവുഡ് താരം ആദിൽ ഹുസൈനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നാണ് മറ്റൊരു കൗതുകം.