തമിഴ് നാട്ടിലും കേരളത്തിലും മരക്കാറിന് 21 ദിവസത്തെ ‘ഫ്രീ റൺ’

കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റേണ്ടിവന്ന വമ്പൻ സിനിമകളിൽ പ്രധാനിയാണ് ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന സിനിമയാണ് മരക്കാർ. ഓണം റിലീസായി ഓഗസ്റ്റ് 12 ന് റിലീസ് ചെയ്യാൻ കഴിയുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. മോഹൻലാലിൻറെ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസ് ആണ് നിർമ്മാണം.

‘മരക്കാര്‍’ പോലൊരു ചിത്രം വന്നാല്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ വീണ്ടുമെത്തുമെന്ന് തിയറ്റര്‍ ഉടമകള്‍ കരുതുന്നു. മറ്റു റിലീസുകള്‍ ഒഴിവാക്കിക്കൊണ്ട് മൂന്നാഴ്ചത്തെ ‘ഫ്രീ-റണ്‍’ ചിത്രത്തിന് നല്‍കുമെന്ന് തിയറ്റര്‍ ഉടമകൾ തീരുമാനിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിലും മരക്കാറിന് ഈ പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് പുതിയ വിവരം.

പ്രിയദര്‍ശന്‍ തന്നെയാണ് ഒരു അഭിമുഖത്തിനിടെ ഇക്കാര്യം പങ്കുവച്ചത്. കേരളത്തിലെയും തമിഴ്നാട്ടിലെയും തിയറ്റര്‍ ഉടമകള്‍ ചിത്രത്തിനൊപ്പം നില്‍ക്കുകയാണെന്ന് പിങ്ക് വില്ല എന്ന ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയന്‍ വ്യക്തമാക്കി. ” 21 ദിവസത്തേക്ക് മറ്റു ചിത്രങ്ങളൊന്നും റിലീസ് ചെയ്യില്ലെന്ന് കേരളത്തിലെയും തമിഴ്നാട്ടിലെയും തിയറ്റര്‍ ഉടമകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കാരണം പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെയെത്തിക്കാന്‍ കഴിയുന്ന ചിത്രമാണ് മരക്കാറെന്ന് അവര്‍ക്ക് ബോധ്യമുണ്ട്”, പ്രിയദര്‍ശന്‍ അഭിമുഖത്തിൽ പറഞ്ഞു.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഛായാഗ്രഹണം എസ്. തിരുനാവുകരസു ആണ്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. വിവിധ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസ് ആണ് ഒരുക്കുന്നത്.

twitter likes kaufen