ത്രില്ലർ സിനിമകൾ ഒരുക്കുന്നതിൽ എന്നും മികച്ച് നിൽക്കുന്ന ഇൻഡസ്ട്രി ആണ് നമ്മുടെ മലയാളം. അക്കൂട്ടത്തിലേക്ക് മറ്റൊരു ഗംഭീര ത്രില്ലർ സിനിമയായേക്കും എന്ന സൂചന നൽകി ഒരുപറ്റം നവാഗതർ ചേർന്നൊരുക്കുന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി. ‘ജോഷ്വാ മോശയുടെ പിൻഗാമി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇൻവെസ്റ്റിഗേറ്റിംഗ് സൂൺ എന്നാണ് പോസ്റ്ററിൽ ടാഗ്ലൈൻ പോലെ സിനിമക്ക് കൊടുത്തിട്ടുള്ളത്. നിരവധി ഷോർട് ഫിലിം, വെബ് സീരീസ് എന്നിവയിലൂടെ പ്രശസ്തനായ അഖിലേഷ് ഈശ്വർ ആണ് സിനിമയിലെ മുഖ്യ കഥാപാത്രമായെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ റോഡി എന്ന ത്രില്ലർ ഷോർട് ഫിലിംന്റെ രചന നിർവഹിച്ച സുധീഷ് മോഹനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സംവിധായകൻ തരുൺ മൂർത്തിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ജോഷ്വാ മോശയുടെ പിൻഗാമിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.
കയേസ് ദു സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിൽ അഖിലേഷിനെ കൂടാതെ നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്നുണ്ട്. വിനോദ് ഗോപിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ബോണി ലൂയിസ് സംഗീതം ഒരുക്കുന്നു.




