മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗത്തിന്റെ ട്രെയിലർ പുറത്ത്; വരാനിരിക്കുന്നത് സംഘർഷഭരിതമായ നിമിഷങ്ങൾ

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റ് എന്ന പേരിൽ റിലീസായ കാസ ദേ പാപ്പെലിന്റെ അഞ്ചാം സീസണിന്റെ ട്രെയ്ലർ പുറത്തിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നിൽക്കുന്നതോടെയാണ് 4-ാമത്തെ സീസൺ അവസാനിച്ചത്.

Money Heist Part 5 Official Trailer

2020 ൽ നാലാം സീസണിലെത്തിയപ്പോൾ ലോകത്തിൽ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയിൽ മുൻനിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പൽ. അതിനാൽ തന്നെ നെറ്റ്ഫ്ളിക്സിന്റെ അഭ്യർഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസൺ മുതൽ ബിഗ് ബജറ്റിലാണ് സീരിസ് നിർമിച്ചത്.

മണി ഹെയ്സ്റ്റ് സീസൺ 5 ആദ്യഭാഗം സെപ്തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനും റിലീസ് ചെയ്യും. പത്ത് എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹീസ്റ്റിന് അവസാനമാകുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. സീരീസിലെ ഏറ്റവും സംഘർഭരിതമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

Money Heist Part 5 Official Poster

ഇന്റലിജൻസിന്റെ പിടിയിൽ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിൻ കൊള്ളയടിക്കാനെത്തുകയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3, 4 സീസണുകളിൽ ചിത്രീകരിച്ചിരിക്കുന്നത്.

2017-ലാണ് മണി ഹെയ്സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയിൽ ഒരുക്കിയ ഈ സീരീസ് ‘ലാ കാസ ഡി പാപ്പൽ’ എന്ന പേരിൽ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷൻ നെറ്റ് വർക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നിൽ വൻ പരാജയമായിരുന്നു. അതിനാൽ ഇതിനൊരു തുടർഭാഗം എന്നത് അണിയറപ്രവർത്തകർ ചിന്തിച്ചിരുന്നില്ല. എന്നാൽ നെറ്റ്ഫ്ളിക്സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷിൽ ഡബ്ബ് ചെയ്ത് മണി ഹെയ്സ്റ്റ് എന്ന പേരിൽ പുറത്തിറക്കി. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.