അപ്പാനി ശരത്തിനെയും കൈലാഷിനെയും കേന്ദ്ര കഥാപാത്രമാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിഷൻ സി റിലീസിനായി തയ്യാറെടുക്കുകയാണ്. ഒടിടി റിലീസ് ആയിട്ടാകും ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തുക. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനോദ് ഗുരുവായൂർ.
ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന റോപ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസ്സിൽ വന്നിടിക്കുകയും ചെയ്തു. ഇതേതുടർന്ന് കൈലാഷിന്റെ കാലുകൾക്ക് പരുക്കുകൾ പറ്റുകയും ചെയ്തിരുന്നു എന്ന് വിനോദ് പറയുന്നു. കുറച്ചു കൂടെ പുറകിൽ നിന്നും വലിച്ചു വിടേണ്ട ആ സീക്വൻസ്, പുറകിലേക്ക് വലിക്കുമ്പോൾ തന്നെ പൊട്ടുകയായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ കൂടുതൽ അപകടം സംഭവിക്കുമായിരുന്നുവെന്നും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വിനോദ് ഗുരുവായൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…
Mission c യുടെ ഷൂട്ട് നടക്കുന്ന സമയത്തു കൈലാഷ് ഒരു വലിയ അപകടത്തിൽ പെട്ടു പോയിരുന്നു. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസ്സിൽ വന്നിടിക്കുകയും ചെയ്തു. കുറച്ചു കൂടെ പുറകിൽ നിന്നും വലിച്ചു വിടേണ്ട ആ സീക്വൻസ്, പുറകിലേക്ക് വലിക്കുമ്പോൾ തന്നെ പൊട്ടുകയായിരുന്നു. കുറച്ചു കൂടെ പുറകിൽ നിന്നുമാണ് അത് പൊട്ടിയിരുന്നെങ്കിൽ അന്ന് സംഭവിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത അപകടം ആകുമായിരുന്നു. കാൽമുട്ടിന് കുറച്ചു പരിക്കുകൾ അന്ന് കൈലാഷിനു പറ്റിയിരുന്നു.മിഷൻ സി യുടെ സെൻസർ അടുത്ത ദിവസം ചാർട്ട് ചെയ്തിരിക്കുന്നു. സെൻസർ കഴിഞ്ഞാൽ റിലീസ് ഡേറ്റ് അറിയിക്കുന്നതാണ്. തിയേറ്റർ റിലീസ് എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്.



