സൂപ്പർഹിറ്റ് ചിത്രം ‘സർപ്പാട്ട പരമ്പരയിൽ’ എം.ജി. ആറിനെ മോശമായി ചിത്രീകരിച്ചു; പാ രഞ്ജിത്തിന് എ.ഐ.എ.ഡി. എം.കെയുടെ നോട്ടീസ്

‘സർപ്പാട്ട പരമ്പര’ എന്ന ചിത്രത്തിൽ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രനെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ നിയമനടപടിയുമായി അണ്ണാ ഡി.എം.കെ.

എം ജി.ആറിനെ ചില ഭാഗങ്ങളിൽ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്നും, ഈ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും കാണിച്ചാണ് സംവിധായകനും, നിര്‍മ്മാതാവിനും, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിനും നോട്ടീസ് അയച്ചിരിക്കുന്നത്.

ചെന്നൈയിൽ നടന്നിരുന്ന ഗുസ്തിക്കും രാഷ്ട്രീയത്തിനും ഒരുബന്ധവുമില്ലാത്തതാണ്. എന്നാൽ ഡി.എം.കെ ആണ് ഗുസ്തിയെ പ്രോത്സാഹിപ്പിച്ചിരുന്നത് എന്ന മട്ടിലാണ് ‘സാർപ്പാട്ട പരമ്പര’യിൽ കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. എം.ജി.ആറിന് ഗുസ്തിയുമായി ബന്ധമില്ലെന്ന തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വക്കീല്‍ നോട്ടീസ് അയച്ച അണ്ണാ ഡി.എം.കെ നേതാവ് ജയകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് മദ്യനിരോധനമടക്കമുള്ളവ കൊണ്ടുവന്നത് എം.ജി.ആര്‍ ആണ്. എന്നാല്‍ ചിത്രത്തില്‍ സത്യവിരുദ്ധമായാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നു വക്കീല്‍ നോട്ടീസില്‍ പറയുന്നു. തങ്ങൾ ആവശ്യപ്പെട്ട ഭാഗങ്ങൾ അംഗീകരിക്കാത്ത പക്ഷം കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.

1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ കഥയ്ക്ക് ആധാരം. ആര്യയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോൺ കൊക്കൻ, ദുശാറ വിജയന്‍, പശുപതി, കലൈയരസന്‍ തുടുങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.