ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദ വാർത്തകൾ നിറയുന്ന സാഹചര്യത്തിൽ തന്നെ കഴിഞ്ഞ ദിവസം പുറത്തു വന്ന മലയാളത്തിലെ പ്രമുഖ പ്രഖ്യാപനമാണ് ‘അയ്യപ്പൻ’ എന്ന ചിത്രം.
പൃഥ്വിരാജിനെ നായകനാക്കി ശങ്കർ രാമകൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ‘അയ്യപ്പൻ’. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി തുടങ്ങിയ അഞ്ചു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിൽ വിവിധ ഇന്ഡസ്ട്രികളിലെ മികച്ച താര സാന്നിധ്യവും ഉണ്ടായിർക്കും.
ശബരിമല ശാസ്താവ് എന്നതിലുപരി നല്ലൊരു യോദ്ധവും, വിപ്ലവകാരിയും, രാജകുമാരനും കൂടിയായ അയ്യപ്പനെ ആയിരിക്കും ചിത്രത്തിൽ കാണാൻ കഴിയുക. അടുത്ത വിഷുവിന് ഷൂട്ടിങ് പരിപാടികൾ ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് 2020 മകരവിളക്ക് ദിവസത്തിലേക്ക് ആണ് പ്ലാൻ ചെയ്യുന്നത് എന്ന് ചിത്രത്തിന്റെ നിർമാതാവ് ഷാജി നടേഷൻ ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷമായി ഇതിനു വേണ്ടിയുള്ള അന്വേഷണത്തിൽ ആയിരുന്നു സംവിധായകനും കൂട്ടരും. മികച്ച സാങ്കേതിക പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി മികച്ച സിനിമ ആയി തന്നെയായിരിക്കും അയ്യപ്പൻ പുറത്തു വരിക എന്നും ഷാജി നടേഷൻ കൂട്ടിച്ചേർത്തു.