ബാഹുബലി എന്ന ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രത്തിന് ശേഷം റിബൽ സ്റ്റാർ പ്രഭാസ് നായകനാകുന്ന ‘സാഹോ’ എന്ന ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. സുജീത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ സിനിമയാണ്. ഹോളിവുഡിലെ ഫാസ്റ്റ് & ഫ്യൂരിയസ് സീരിസുകളോട് കിടപിടിക്കുന്ന ഐറ്റവുമായാണ് പ്രഭാസിന്റെയും സംഘത്തിന്റെയും വരവെന്ന് ടീസർ കണ്ടാൽ വ്യക്തം. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ശ്രദ്ധയുടെ പിറന്നാൾ ദിനമായ ഇന്ന് ആശംസ നേർന്നുകൊണ്ടാണ് അണിയറ പ്രവർത്തകർ ‘ഷേഡ്സ് ഓഫ് സാഹോ ചാപ്റ്റർ 2’ എന്ന സീരീസിലെ പുതിയ ടീസർ പുറത്തിറക്കിയത്.
സീരീസിലെ ആദ്യ ടീസർ പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു പുറത്തിറക്കിയത്. ഈ വർഷം റിലീസ് ചെയ്യുന്ന ചിത്രം തെലുഗു, ഹിന്ദി, തമിഴ്, മലയാളം തുടങ്ങി 4 ഭാഷകളിലാണ് പുറത്തിറങ്ങുക. യു. വി ക്രിയേഷനാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.



