ഹിറ്റ് ചിത്രങ്ങളുടെ കഥാകാരൻ ആണ് സച്ചി. സച്ചി – സേതു കൂട്ടുക്കെട്ട് മലയാളികൾക്ക് പണ്ടേ പരിചിതമാണ്. ആ കൂട്ടിക്കെട്ട് ഒരു വഴിയിൽ അവസാനിച്ചപ്പോൾ പലരും കരുതിയത് ആ നല്ല കഥകൾ ഇനി ഉണ്ടാകില്ല എന്നാണ്. പക്ഷെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് തന്റെ വിജയഗാഥ വീണ്ടും തുടരുകയാണ് സച്ചി. ചോക്ലേറ്റ്, റൺ ബേബി റൺ മുതൽ, അനാർക്കലി, രാമലീല, ഷെർലോക്ക് ടോംസ്, ഡ്രൈവിംഗ് ലൈസൻസ് വരെ എത്തി നിൽക്കുന്ന സച്ചിയുടെ കരിയർ ഗ്രാഫ് മറ്റാർക്കും അവകാശപ്പെടാൻ സാധിക്കാത്ത ഉയരത്തിലാണ്.
സംവിധാന വഴിയിലേക്ക് പൃഥ്വിരാജിനെ നായകൻ ആക്കി അനാർക്കലി ഒരുക്കി ചുവട് മാറ്റിയപ്പോഴും പാളിച്ച പറ്റാതെ പഴക്കം ചെന്ന സിനിമാക്കാരന്റെ മികവോടെ അവിടെയും വിജയിച്ചു. അവസാനം പുറത്തിറങ്ങിയ ഡ്രൈവിങ് ലൈസൻസിന്റെ തൂലിക ചലിപ്പിച്ച സച്ചി വീണ്ടും പ്രശംസകൾ ഏറ്റു വാങ്ങുകയാണ്. ഒരു സൂപ്പർസ്റ്റാറും ആരാധകനും തമ്മിലുള്ള ഈഗോ ക്ലാഷ് എന്ന ലഘുവായ ഒരു കഥാതന്തുവിനെ രണ്ടര മണിക്കൂർ പ്രേക്ഷകന് മടുപ്പ് തോന്നാത്ത തരത്തിൽ അതിനെ ഒരു ഗംഭീര തിരക്കഥ ആക്കി മാറ്റിയ സച്ചി എന്ന തിരക്കഥാകൃത്ത് തന്നെയാണ് ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ നട്ടെല്ലുകളിൽ ഒന്ന്.
ഇനി കഥയെഴുതി വീണ്ടും തന്റെ ആദ്യ ചിത്രത്തിലെ നായകന്മാരെ ഒരുമിപ്പിച്ചു ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം സംവിധാനം ചെയ്ത് തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ഈ വേളയിലും സച്ചിയുടെ കരിയർ മുകളിലേയ്ക്ക് തന്നെ പോയിക്കൊണ്ടിരിക്കുന്നു എന്നതിന് ഇപ്പോൾ ലഭിക്കുന്ന പ്രേക്ഷക പിന്തുണകൾ തന്നെ ധാരാളം. ഈ മനുഷ്യൻ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്നു തന്നെ ആശംസിക്കാം.