ദൃശ്യ അനുഭവത്തിലൂടെ പ്രപഞ്ചം, കാലം, യാത്ര തുടങ്ങി ഉത്തരമില്ലാത്ത ചോദ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ചുരുളി

ജോബിൻ വി. മാമ്മൻ

ചുരുളി, സാമ്പ്രദായിക സാമൂഹിക കാഴ്ചപ്പാടുകൾ പൊളിച്ച് എഴുതി സാങ്കല്പിക ലോകത്ത് കഥ പറയുന്നു. തുടക്കവും ഒടുക്കവും എന്ന സങ്കല്പത്തെ പോലും ഉടച്ച് കളഞ്ഞ് കഥപറച്ചിലിൽ പോലും ഒരു ചുരുൾ കാണാൻ കഴിയും. കാലം പ്രപഞ്ചം തുടങ്ങിയവയും മനുഷ്യൻ്റെ ജീവിതവും ഒക്കെ ചുരുളിയിൽ വിഷയമാകുന്നു. മനുഷ്യൻ സംസ്കാരത്തിൻ്റെ അതിരുകൾ ഭേദിച്ച് മൃഗത്തിനോട് സമം ആകുന്ന കഥ ആയിരുന്നു ലിജോ ജോസ് ജല്ലിക്കെട്ടിൽ പറഞ്ഞത്. ഈ രാഷ്ട്രീയത്തിൻ്റെ ചില അംശങ്ങൾ ഇവിടെയും കാണാം. മനുഷ്യൻ ഉന്നതനാണ് എന്നത് ഒരു സ്വയംപ്രഖ്യാപിത സങ്കൽപ്പം മാത്രമാണ് എന്നും, സാഹചര്യം ഒത്തുവരുന്ന ഇടങ്ങളിൽ അവരുടെ ഉള്ളിലെ മൃഗ തൃഷ്ണകൾ ഉണരുകയും ചെയ്യും എന്ന് ചുരുളിയും സൂചിപ്പിക്കുന്നു. വിനോയ് തോമസിൻ്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് എസ് ഹരീഷ് ആണ്. വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷാജിവൻ, ആൻറണി എന്നിവർ ജോസിനെ അന്വേഷിച്ച് ചുരുളി എന്ന വന ഗ്രാമത്തിലേക്ക് എത്തുന്നതാണ് കഥയുടെ തുടക്കം. വനത്തിനുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന ഒരു കൂട്ടം ആളുകൾ കഴിയുന്ന ഒരിടം. സങ്കല്പത്തിൻ്റെ യാഥാർത്ഥ്യത്തിൻ്റെ അതിർവരമ്പിലൂടെ ഉള്ള ഒരു യാത്രയാണ് സിനിമ. ഒരു മരപ്പാലം കടക്കുന്നതോട് കൂടി കഥാപാത്രങ്ങളുടെ ഭാഷയിലും സ്വഭാവത്തിലും പ്രകടമായ വ്യത്യാസം വരുന്നു. ഇത് ചുരുളിയുടെ സാങ്കല്പിക സ്വഭാവം വ്യക്തമാക്കുന്നത് കൂടിയാണ്. മനുഷ്യർ ഉള്ളിൽ തോന്നുന്നത് സമൂഹത്തിൻ്റെ പ്രതികരണം എന്താകും എന്ന് കരുതാതെ പറയുന്ന ഒരിടം ആയി ചുരുളി മാറുന്നു. പുറം ലോകത്തിൻ്റെ ഭാഷാ അതിരുകൾ ഉള്ളിൽ ഭേദിക്കപ്പെടുന്നു.

ദൃശ്യങ്ങൾ ഓരോന്നും പ്രേക്ഷകരെ പുതുമയിലേക്ക് നയിക്കും. കണ്ണുകളടച്ച് തുറക്കുന്നതും, പശ്ചാത്തല സംഗീതവും ഒക്കെ ചേർത്ത് യാഥാർത്ഥ്യത്തിൽ നിന്ന് സാങ്കല്പിക ലോകത്തിലേക്ക് ഇടക്കിടെ പോയി വരുന്നു. എന്നാൽ ഏതാണ് യാഥാർത്ഥ്യം എന്ന ചോദ്യവും അവിടങ്ങളിൽ പ്രസക്തം ആകുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ അതിഥികൾ ആയി എത്തിയ പുറം ലോകത്തിൻ്റെ സദാചാര നടത്തിപ്പുകാർ ആയ പ്രതിനിധികൾ പോലും ഈ ഉട്ടോപ്യൻ ലോകത്തിൽ ആകൃഷ്ട്ടർ ആകുന്നു. ഇവിടെ നിന്ന് നിയന്ത്രണങ്ങൾ ഒരുപാടുള്ള ലോകത്തിലേക്ക് മടങ്ങണോ എന്ന് പോലും ചിന്തിക്കുന്നു. ഉട്ടോപ്യ എന്ന സങ്കല്പം, അവിടുത്തെ രീതികൾ പോലും താൽപര്യങ്ങൾ അനുസരിച്ച് പുനർനിർവചിക്കപ്പെടന്നു. അപ്പോഴും മകളുടെ ആദ്യകുർബാന സീൻ പോലെയുള്ള ഭാഗങ്ങൾ കൊണ്ട് എല്ലാ മൃഗവാസനകളും ഒളിപ്പിച്ച് പുറം ലോകത്തിന് ഒത്തത് പോലെ അഭിനയിക്കാൻ കഴിയും എന്നും സിനിമ പറയുന്നു.

ക്ലൈമാക്സ് സാമ്പ്രദായിക രീതികളെ ഭേദിച്ച്, സിനിമയുടെ പേരും കഥയിലെ പ്രധാന വിഷയവും ആയ ചുരുളി എന്നത് പോലെ ഒരു അനന്ത യാത്രയായി മാറുന്നു. ഇത് ഒരുതരത്തിൽ കാലം എന്ന ഉത്തരമില്ലാത്ത സമസ്യയെ കൂടി പ്രതിനിധീകരിക്കുന്നു. കാലവും പ്രപഞ്ചവും മനുഷ്യൻ്റെ ജീവിതവും ഇവിടെ വിഷയം ആയി മാറുന്നത് കാണാം. ആദ്യം സൂചിപ്പിക്കുന്ന കാലത്തെ കുറിച്ചുള്ള കുറിപ്പുകൾ, ഇപ്പോഴുള്ള ധാരണകൾ പ്രകാരമുള്ള ഗാലക്സിയെ ഓർമിപ്പിക്കുന്ന ചുരുളിൻ്റെ ദൃശ്യങ്ങൾ, പ്രപഞ്ചത്തിലെ നക്ഷത്രങ്ങളെ ഓർമിപ്പിക്കും വിധമുള്ള പച്ഛാതലം, അന്യഗ്രഹ ജീവികളുടെ റഫറൻസ് തുടങ്ങിയവ ഇതിനെ പിന്തുണയ്ക്കുന്ന ഘടകങ്ങൾ കൂടിയാണ്. ജീവിതത്തിൻ്റെ അർത്ഥം എന്തെന്ന ചോദ്യത്തെ ഒരു ദൃശ്യ അനുഭവത്തിലൂടെ സമീപിക്കുന്നത് പോലെ. ഒപ്പം മനുഷ്യൻ്റെ ഉള്ളിലെ മൃഗ വാസനകളെ കൂടി പുറത്തേക്ക് കൊണ്ടുവരുന്നു. സാഹചര്യം അനുകൂലം ആണെങ്കിൽ മനുഷ്യൻ പുറം ലോകത്തെ നിയമങ്ങളെ ലംഘിക്കാൻ മടിക്കില്ല എന്നും സിനിമ പറയുന്നു. ഒപ്പം വ്യക്തികളുടെ കാഴ്ചയ്ക്ക് ലോക സമീപനത്തിന് അനുസരിച്ച് കണ്ടെത്താൻ കഴിയുന്ന നിരവധി സാധ്യതകളും സിനിമ മുന്നോട്ട് വയ്ക്കുന്നു. എല്ലാ കലയും വായിക്കുമ്പോൾ ആത്മനിഷ്ട്ടം ആകുന്നത് പോലെ ഇവിടെയും സംഭവിക്കുന്നു.

കഥാപാത്രങ്ങളുടെ പ്രകടനം മികച്ചു നിന്നു. പശ്ചാത്തല സംഗീതം ചിത്രസംയോജനം പോലെതന്നെ സിനിമയിൽ പ്രധാന ഘടകം ആണ്. സിനിമ കഥ പറയുന്നതിലും, അതിൻ്റെ ദൃശ്യത്തിലും, ഭാഷാപ്രയോഗത്തിലും ഒക്കെയായി വിവിധ തലങ്ങളിലൂടെ കടന്ന് പോകുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...