നാടക വേദിയിൽ നിന്ന് സിനിമയിലേക്ക്,ജീവൻ നൽകിയത് മികച്ച കഥാപാത്രങ്ങൾക്ക്; അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിനെയോർത്ത് ജന്മനാടും സിനിമാലോകവും

സാംസ്കാരിക രംഗത്ത് ഏറെ വേർപാടുകൾ ഉണ്ടായ വർഷമാണ് 2020. പുതുവർഷത്തിലേക്ക് കടക്കും മുൻപ് ഒരു അഭിനയപ്രതിഭ കൂടി വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച നടുക്കത്തിലാണ് സിനിമാലോകവും ആരാധകരും.

നാടകവേദി സിനിമയ്ക്ക് നൽകിയ പുതിയ തലമുറ അഭിനയപ്രതിഭകളിൽ ശ്രദ്ധേയനായിരുന്നു അനിൽ നെടുമങ്ങാട്. ഞാൻ സ്‌റ്റീവ്‌ ലോപ്പസ്‌’ആണ്‌ ആദ്യചിത്രം. തസ്കരവീരൻ, തെളിവ്, നീർമാതളം പൂത്തകാലം, ആമി, കിസ്മത്, ജനാധിപൻ, ലെസ്സൻസ്, അയാൾ ശശി, പരോൾ, അയാൾ ഞാനല്ല, ഒരു നക്ഷത്രമുള്ള ആകാശം ,ബിരിയാണി, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങി മുപ്പതോളം സിനിമകളിലേ വേഷമിട്ടുള്ളൂ. എന്നാൽ അഭിനയിച്ച കഥാപാത്രങ്ങളൊക്കെ വ്യത്യസ്തത കൊണ്ടും വ്യക്തിത്വം കൊണ്ടും ആസ്വാദകപ്രശംസ നേടി. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം അവതരിപ്പിച്ചതിന് പിന്നാലെയാണ് അനിലിന്‍റെ വിയോഗം.

തൊടുപുഴക്ക് സമീപം മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ പെട്ടുപോയതോടെ മുങ്ങിമരിക്കുകയായിരുന്നു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അനിൽ തൊടുപുഴയിലെത്തിയത്.

തൊടുപുഴയിലെ താലൂക്കാശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്‍മോർട്ടം. അതിന് ശേഷം മൃതദേഹം നാടായ നെടുമങ്ങാട്ടേക്ക് കൊണ്ടുപോകും.

visio 2016 lizenz kaufen