പതിനഞ്ച് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സേതുരാമയ്യര്‍ സിബിഐ വീണ്ടും വെള്ളിത്തിരയിലേക്ക്

ആരാധകർക്ക് പ്രിയങ്കരനായ മമ്മൂട്ടി കഥാപാത്രമാണ് സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍. ഒരു സിബിഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ, എന്നിങ്ങനെ നാലു ചിത്രങ്ങളാണ് സേതുരാമയ്യർ നായകനായെത്തിയത്. ഇപ്പോഴിതാ പതിനഞ്ചു വർഷങ്ങൾക്ക് ശേഷം സേതുരാമയ്യര്‍ സിബിഐ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. .

സിബിഐയുടെ അഞ്ചാംഭാഗം ഒരുക്കുന്നത് സംവിധായകന്‍ കെ. മധുവാണ് . എസ്.എന്‍. സ്വാമിയുടേത് തന്നെയാണ് തിരക്കഥ. ഒരാഴ്ചയ്ക്കകം സാങ്കേതിക പ്രവര്‍ത്തകര്‍ ആരൊക്കെയാണെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടും.

അതേ സമയം മുകേഷിനും മമ്മൂട്ടിയ്ക്കും പുറമെ പുതിയ സിബിഐ ചിത്രത്തില്‍ ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തും. ഇവരെ കൂടാതെ ഇന്നത്തെ ചില പുതുമുഖ താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിലുണ്ടാവും. മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന് കൂടുതൽ മാറ്റങ്ങളൊന്നും വരില്ലെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

സേതുരാമയ്യര്‍ക്ക് എന്തെങ്കിലും മാറ്റം വരുത്തിയാല്‍ ജനങ്ങള്‍ക്ക് അംഗീകരിക്കാനോ ഇഷ്ടപ്പെടാനോ കഴിയില്ല എന്ന് തിരിച്ചറിയുന്നതായും അവർ വ്യക്തമാക്കി. ഈ നാല് ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം സ്ഥിര സാന്നിധ്യമായിരുന്ന ജഗതി ശ്രീകുമാർ അഞ്ചാം ഭാഗത്തില്‍ ഉണ്ടായിരിക്കില്ല.