തന്റെ പരിമിതമായ ജീവിത സാഹചര്യത്തിൽ നിൽക്കുമ്പോഴും ഇടുക്കിക്കാരൻ അനസിന് തന്റെ ഇഷ്ടങ്ങളും താല്പര്യങ്ങളും മാറ്റിവയ്ക്കാനായില്ല. തന്നെ ആകർഷിച്ച ആഡംബര കാറായ ലംബോർഗിനിയുടെ മാതൃകയിൽ സ്വന്തമായൊരു കാറുതന്നെ ഈ ചെറുപ്പക്കാരൻ ഉണ്ടാക്കി.
ഉപയോഗ ശൂന്യമായ ബൈക്കിന്റെ എൻജിൻ സംഘടിപ്പിച്ച ശേഷം ഇരുമ്പ് കൊണ്ട് ചട്ടക്കൂട് നിർമിച്ചു. പഴയ ഫ്ലെക്സും പ്ലാസ്റ്റിക് വസ്തുക്കളും വരെ നിർമാണത്തിൽ ഉപയോഗിച്ചു. ഡിസ്ക് ബ്രേക്ക്, പവർ വിൻഡോ, സൺ റൂഫ്, മുന്നിലും പിന്നിലും ക്യാമറകൾ തുടങ്ങി ഒരു ആഡംബര വാഹനത്തിലെ സൗകര്യങ്ങളെല്ലാം അനസിന്റെ ‘ലംബോർഗിനിയിലുണ്ട്’. കുറച്ചുകൂടി പണം മുടക്കി ഇത് ഇലക്ട്രിക് ആക്കാനും അനസിന് ആഗ്രഹമുണ്ട്.

2 ലക്ഷത്തിലധികം രൂപ ചെലവിട്ടാണു നിർമാണം. 110 സിസി ബൈക്കിന്റെ എൻജിൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു സൗകര്യങ്ങളെല്ലാം ഒറിജിനൽ ലംബോർഗിനിയുടേതു പോലെത്തന്നെ. ഒരു ഷോറൂമിൽ ലംബോർഗിനി കണ്ടതാണ് അനസിന്റെ സ്വപ്നങ്ങൾക്ക് തുടക്കമായത്. പണി തീരാൻ 18 മാസം എടുത്തു. എതായാലും അനസിന്റെ ആഡംബര കാർ സോഷ്യൽ മീഡിയയിൽ വൈറലായി സാക്ഷാൽ ലംബോർഗിനിയിൽ നിന്നു തന്നെ വിളിയുമെത്തിയതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരൻ.
പന്തലുപണിയും കാറ്ററിംഗുമാണ് അനസിന്റെ വരുമാന മാർഗം. അമ്മയും അനുജനും അടങ്ങുന്ന കുടുംബവുമുണ്ട് കൂടെ. ഏറെ പ്രതിസന്ധികൾ നേരിടുന്ന ജീവിതത്തിലും തന്റെ ആഗ്രഹം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അനസ് പറയുന്നു. എന്നാൽ അനസിന്റെ ആഗ്രഹങ്ങളിൽ ഒന്നുകൂടി ബാക്കിയാണ്. തന്റെ ഈ വാഹനം നടൻ പൃഥ്വിരാജ് ഒന്ന് കണ്ടിരുന്നെങ്കിൽ എന്നാണ് ഈ ചെറുപ്പക്കാരന്റെ ആഗ്രഹം. പൃഥ്വിരാജിന്റെ കാർ കണ്ടാണ് ഇങ്ങനെ ഒരു മോഹം മനസ്സിൽ ഉദിച്ചത്. അദ്ദേഹത്തിന്റെ ലംബോർഗിനിയാണ് തന്റെ പ്രചോദനം എന്നും അനസ് പറയുന്നു. ഇതിനോടകം നിരവധി പേർ അനസിന് ആശംസ അറിയിച്ചിട്ടുണ്ട്.



